ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിലായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസ് ബോളർ ഭുവനേശ്വർ കുമാർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർ മടങ്ങിയെത്തി. അതേസമയം, കാൽക്കുഴയ്ക്കു പരുക്കേറ്റ് ന്യൂസീലൻഡ് പര്യടനം നഷ്ടമായ ഓപ്പണർ രോഹിത് ശർമ ടീമിനു പുറത്തുതന്നെ തുടരുകയാണ്. രോഹിതിന്റെ മടങ്ങിവരവ് വൈകിയതോടെ യുവതാരം പൃഥ്വി ഷാ ടീമിൽ സ്ഥാനം നിലനിർത്തി.
അതേസമയം, ന്യൂസീലൻഡിൽ ഏകദിന അരങ്ങേറ്റം നടത്തിയ മായങ്ക് അഗർവാൾ ധവാന്റെ മടങ്ങിവരവോടെ ടീമിനു പുറത്തായി. ഈ മാസം 12ന് ധരംശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരം 15ന് ലക്നൗവിലും മൂന്നാം മത്സരം 18ന് കൊൽക്കത്തയിലും നടക്കും.
വിരാട് കോലി നയിക്കുന്ന ടീമിൽ യുവതാരം ശുഭ്മാൻ ഗില്ലും സ്ഥാനം നിലനിർത്തി. വിക്കറ്റ് കീപ്പറിന്റെ വേഷത്തിലേക്ക് ലോകേഷ് രാഹുൽ എത്തിയതോടെ അവസരം നഷ്ടമായ ഋഷഭ് പന്ത് 15 അംഗ ടീമിൽ സ്ഥാനം നിലനിർത്തി. ഭുവനേശ്വർ കുമാറിന്റെ മടങ്ങിവരവോടെ മുഹമ്മദ് ഷമി, ഷാർദുൽ ഠാക്കൂർ എന്നിവരും പുറത്തേക്കുള്ള വഴികണ്ടു. അതേസമയം, പേസ് ബോളിങ്ങിലെ പുത്തൻ പ്രതീക്ഷയായ നവ്ദീപ് സെയ്നി ടീമിലെ സ്ഥാനം നിലനിർത്തി.
ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവ് ശിവം ദുബെയ്ക്കും പുറത്തേക്കുള്ള വഴി കാട്ടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിനേറ്റ പരുക്കുമൂലം ടീമിനു പുറത്തായ ഹാർദിക്, അഞ്ചു മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് തിരിച്ചെത്തുന്നത്. മുംബൈയിൽ നടക്കുന്ന ഡി.വൈ. പാട്ടീൽ ട്വന്റി20 ടൂർണമെന്റിൽ രണ്ടു സെഞ്ചുറികൾ നേടി ഹാർദിക് ഫോം തെളിയിച്ചിരുന്നു. ന്യൂസീലൻഡ് പര്യടനത്തിൽ ടീമിലുണ്ടായിരുന്ന കേദാർ ജാദവും പുറത്തായി.
ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, പൃഥ്വി ഷാ, ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്നി, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ