അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഡി.വൈ. പാട്ടീല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റിലയന്‍സ് വണ്‍ ടീമിനു വേണ്ടി കളത്തിലിറങ്ങിയ പാണ്ഡ്യ സിഎജിക്കെതിരെ 37 പന്തില്‍നിന്നാണ് സെഞ്ചുറി നേടിയത്. മത്സരത്തിലാകെ 39 പന്തുകള്‍ നേരിട്ട പാണ്ഡ്യ എട്ടു ഫോറും 10 കൂറ്റന്‍ സിക്‌സറുകളും സഹിതം 105 റണ്‍സെടുത്തു.
പിന്നീട് ബോളിങ്ങിലും സമാനമായ പ്രകടനം ആവര്‍ത്തിച്ച താരം 26 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് അഞ്ച് വിക്കറ്റുകളാണ്. പരുക്കില്‍നിന്ന് മോചിതനായ ശേഷമുള്ള പാണ്ഡ്യയുടെ രണ്ടാമത്തെ ക്രിക്കറ്റ് മത്സരമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ. പ്രസാദ് മത്സരം കാണാനെത്തിയിരുന്നു.
20 ഓവറില്‍ 252 റണ്‍സ് നേടിയ റിലയന്‍സിനെതിരെ സിഎജി 151 റണ്‍സിനു പുറത്തായി. റിലയന്‍സിന്റെ വിജയം 101 റണ്‍സിന്. എല്ലാ വര്‍ഷവും ഐപിഎല്‍ സീസണിനു മുന്നോടിയായി നടക്കുന്ന ഈ ടൂര്‍ണമെന്റ് പ്രമുഖ താരങ്ങള്‍ ഒരുക്കമെന്ന നിലയില്‍ വിനിയോഗിക്കാറുണ്ട്. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പുറമെ പരുക്കിന്റെ പിടിയില്‍നിന്ന് തിരിച്ചുവരുന്ന ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരും ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കും മുന്‍പ് ഈ ടൂര്‍ണമെന്റില്‍ താരങ്ങള്‍ പുറത്തെടുക്കുന്ന പ്രകടനവും സിലക്ടര്‍മാര്‍ പരിഗണിക്കും. ഇക്കാരണത്താലാണ് സ്ഥാനമൊഴിയുന്ന ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് മത്സരം കാണാനെത്തിയതും. മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന പരമ്പര. മാര്‍ച്ച് 12ന് ധരംശാലയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം മാര്‍ച്ച് 15ന് ലക്‌നൗവിലും മൂന്നാം മത്സരം മാര്‍ച്ച് 18ന് കൊല്‍ക്കത്തയിലും നടക്കും.