സിഡ്‌നി: വനിതാ ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 132 റണ്‍സെടുത്തത്. രാജ്യാന്തര ട്വന്റി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ദീപ്തി 46 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്തു. ഓപ്പണര്‍ ഷെഫാലി വര്‍മ 15 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം നേടിയ 29 റണ്‍സും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ഓപ്പണര്‍ സ്മൃതി മന്ഥന (11 പന്തില്‍ 10), ജമീമ റോഡ്രിഗസ് (33 പന്തില്‍ 26), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (അഞ്ച് പന്തില്‍ രണ്ട്) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. വിക്കറ്റ് നഷ്ടം കൂടാതെ 40 റണ്‍സ് എന്ന നിലയില്‍നിന്ന് വെറും ഏഴു റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങിയ ഇന്ത്യയ്ക്ക്, നാലാം വിക്കറ്റില്‍ ജമീമ റോഡ്രിഗസ് – ദീപ്തി ശര്‍മ കൂട്ടുകെട്ടു പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 56 പന്തില്‍നിന്ന് ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത് 53 റണ്‍സ്. ജമീമ 33 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി. ഒരു ബൗണ്ടറി പോലും കൂടാതെയാണ് ജമീമ 26 റണ്‍സെടുത്തത്. കന്നി ട്വന്റി20 അര്‍ധസെഞ്ചുറിയുടെ വക്കോളമെത്തിയ ദീപ്തി ശര്‍മ 46 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്നു. വേദ കൃഷ്ണമൂര്‍ത്തി 11 പന്തില്‍ ഒന്‍പതു റണ്‍സുമായി കൂട്ടുനിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ഥനയും ചേര്‍ന്ന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. ആദ്യ ഓവറില്‍ രണ്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും പിന്നിട് തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് നാല് ഓവറില്‍ ഇന്ത്യയെ വിക്കറ്റ് നഷ്ടം കൂടാതെ 40 റണ്‍സ് എന്ന നിലയിലെത്തിച്ചു. ഇതില്‍ മേഗന്‍ ഷൂട്ട് എറിഞ്ഞ നാലാം ഓവറില്‍ ഷഫാലി നാലു ഫോറുകള്‍ സഹിതം 16 റണ്‍സാണ് അടിച്ചെടുത്തത്.
എന്നാല്‍, അവിടുന്നങ്ങോട്ട് തിരിച്ചടിച്ച ഓസീസ് ബോളര്‍മാര്‍ കളി നേരെ തിരിച്ചു. അടുത്ത മൂന്ന് ഓവറില്‍ വെറും ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു വിക്കറ്റ്. സ്മൃതി മന്ഥന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് തുടര്‍ച്ചയായ ഓവറുകളില്‍ പുറത്തായത്. ഇതോടെ കരുതലോടെ ബാറ്റെടുക്കേണ്ടി വന്ന ജമീമ റോഡ്രിഗസും ദീപ്തി ശര്‍മയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ കാത്തു.
എന്നാല്‍, അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ കൈവശം ഇരിക്കെ ഇന്ത്യയ്ക്ക് കാര്യമായ തോതില്‍ റണ്‍സ് നേടാനാകാതെ പോയത് തിരിച്ചടിയായി. ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന മൂന്ന് ഓവറില്‍നിന്ന് ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്ക് നേടാനായത് വെറും 17 റണ്‍സ് മാത്രം. ഓസീസിനായി ജെസ് ജൊനാസന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടും ഡെലിസ്സ കിമ്മിന്‍സ് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. എലീസ് പെറി മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു