ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഏകദിന പരമ്പരയിൽ ‘വൈറ്റ് വാഷ്’ ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ ഈ തിരിച്ചിറക്കം വിസ്മയകരമാണ്. ഇതിനു മുൻപ് ഇന്ത്യ ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റ് നാണംകെട്ടത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നതിനും മുൻപാണ്!
ന്യൂസീലൻഡ് മണ്ണിൽ ഇന്ത്യയുടെ അപ്രതീക്ഷിത തോൽവിക്കു പ്രധാനമായും കാരണങ്ങൾ മൂന്നാണ്. തലക്കെട്ടിൽ ചൂണ്ടിക്കാട്ടിയതുപോലെ ആ മൂന്നു കാരണങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം; ഏകദിനത്തിലെ ഒന്നാമൻമാർ, അരങ്ങേറ്റം കുറിച്ച ഓപ്പണർമാർ, ധാരാളിത്തം കാട്ടിയ പേസർമാർ. ഇതിനൊപ്പം നിർഭാഗ്യവും വലിയൊരളവിൽ കൂട്ടിനെത്തിയതോടെയാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് ഇന്ത്യയുടെ പേരിലായത്. ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ടോസ് ഭാഗ്യം ഇന്ത്യയെ അനുഗ്രഹിച്ചില്ലെന്ന് ഓർക്കുക. ആദ്യ രണ്ടു മത്സരങ്ങളിലും ന്യൂസീലൻഡിന്റെ പകരക്കാരൻ നായകൻ ടോം ലാഥം ടോസ് നേടി. മൂന്നാം ഏകദിനത്തിൽ ടീമിലേക്കു മടങ്ങിയെത്തിയ സ്ഥിരം നായകൻ കെയ്ൻ വില്യംസനും. താരതമ്യേന ചെറിയ മൈതാനങ്ങളുള്ള ന്യൂസീലൻഡിലെ പിച്ചുകളിൽ ടോസ് നിർണായകമാണെന്നിരിക്കെ, ഇന്ത്യൻ തോൽവിയുടെ യഥാർഥ ചിത്രം അവിടെ തുടങ്ങുന്നു.
രാജ്യാന്തര ഏകദിനത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒന്നാം നമ്പർ താരങ്ങൾ ഇന്ത്യൻ ടീമിൽനിന്നാണ്. അവർ രണ്ടു പേരും ഈ പരമ്പരയിൽ കളിക്കുകയും ചെയ്തു. ബാറ്റിങ്ങിൽ നായകൻ വിരാട് കോലിയും ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയും! പരമ്പരയിലെ ഒരു മത്സരത്തിൽപ്പോലും ഇരുവർക്കും തിളങ്ങാനാകാതെ പോയത് ഇന്ത്യൻ തോൽവിയിൽ നിർണായകമായി. ദീർഘകാലമായി ഇരുവരും ലോക ഒന്നാം നമ്പർ താരങ്ങളാണെങ്കിലും ഇരുവരും ഇതുപോലെ നിരാശപ്പെടുത്തിയ ഒരു പരമ്പര അടുത്തകാലത്തൊന്നും ഇല്ല.
പരമ്പരയിലെ മൂന്നു മത്സരങ്ങളിൽനിന്ന് കോലിക്ക് ആകെ നേടാനായത് 75 റണ്‍സ് മാത്രമാണ്. ഇതിൽ ഒന്നാം ഏകദിനത്തിൽ നേടിയ അർധസെഞ്ചുറി മാറ്റിനിർത്തിയാൽ, ശേഷിച്ച രണ്ടു മത്സരങ്ങളിൽനിന്ന് നേടിയത് 24 റൺസ് മാത്രം. കോലിയുടെ മികവ് ഇന്ത്യയ്ക്ക് പൂർണമായും ആവശ്യമുണ്ടായിരുന്ന ഈ രണ്ടു മത്സരങ്ങളിലും താരത്തിന് തിളങ്ങാനാകാതെ പോയത് തോൽവിയിൽ നിർണായകമായി. രണ്ടാം ഏകദിനത്തിൽ 25 പന്തിൽ 15 റൺസെടുത്ത കോലി, മൂന്നാം മത്സരത്തിൽ നേടിയത് 12 പന്തിൽനിന്ന് ഒൻപതു റൺസ് മാത്രം!
കോലിയേക്കാൾ കൂടുതൽ നിരാശപ്പെടുത്തിയത് ജസ്പ്രീത് ബുമ്രയാണ്. പരുക്കിൽനിന്ന് മുക്തനായി മടങ്ങിയെത്തിയ ബുമ്ര ട്വന്റി20യിലെ ഇന്ത്യൻ വിജയത്തിന്റെ തേരാളിയായെങ്കിലും ഏകദിനത്തിൽ പൂർണമായും നിരാശപ്പെടുത്തി. ലോക ഒന്നാം നമ്പർ ബോളറായിട്ടും പരമ്പരയിലെ ഒരു മത്സരത്തിൽപ്പോലും ബുമ്രയ്ക്ക് വിക്കറ്റ് നേടാനാകാതെ പോയത് അസാധാരണ കാഴ്ചയായി. ഇന്ത്യൻ തോൽവിക്കു പ്രധാന കാരണമായി മുൻ താരം വീരേന്ദർ സേവാഗ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയത് ബുമ്രയ്ക്കു വിക്കറ്റ് നേടാനാകാതെ പോയതുതന്നെ.