ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, ആം ആദ്മി പാര്‍ട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം വിട്ടുവീഴ്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ്. തുള്‍സി പറഞ്ഞു. കേജ്‌രിവാള്‍ വിജയിച്ചാല്‍ അത് വികസനത്തിന്റെ ജയമായിരിക്കുമെന്നു കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പ്രതികരിച്ചു.
ഡല്‍ഹിയില്‍ എല്ലാ എക്‌സിറ്റ് പോളുകളും ആം ആദ്മി പാര്‍ട്ടിയുടെ വിജയവും കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനവും പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ പതിഞ്ഞ താളത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തനം. അവസാനത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചില പൊതുയോഗങ്ങളില്‍ പ്രസംഗിച്ചതല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും പ്രകടമായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമുണ്ടായിരുന്നില്ല.
ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ കോണ്‍ഗ്രസ് ചില ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുള്‍സി പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ എന്തായാലും ബിജെപിയുടെ വിജയം ഉറപ്പാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. ബിജെപി ജയിച്ചു കഴിഞ്ഞാല്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി സൂചിപ്പിക്കുകയും ചെയ്തു.