പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര ‘ജയ് ഹോ’യ്ക്ക് തുടക്കം; കൊടിക്കുന്നില്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര ‘ജയ് ഹോ’യ്ക്ക് തുടക്കമായി. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ആരംഭിച്ച പദയാത്ര കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്തത്.

ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും 5 ദിവസങ്ങളിലായി 361 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് മാര്‍ച്ച് 14ന് യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. സമാപനസമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ട് റാലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്.

വര്‍ഗീയ ഫാസിസത്തിനെതിരേ കൂട്ടായ്മ ഒരുക്കുന്നതിന് പുറമെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തുന്നത്. ജനുവരിയില്‍ പദയാത്ര നടത്തുവാനാണു നേരത്തെ ഡിസിസി തീരുമാനിച്ചത്. എന്നാല്‍ കെപിസിസിയുടെ ജനമഹായാത്രയെ തുടര്‍ന്നാണ് പദയാത്ര മാറ്റിയത്. പദയാത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായിരിക്കുകയാണ്. മിക്കയിടങ്ങളിലും ആവേശഭരിതമായ സ്വീകരണമാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്.

42 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലനാണ് ഇതിനു മുന്‍പ് ജില്ല മുഴുവന്‍ പദയാത്ര നടത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച ആ പദയാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്ത അഞ്ച് പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. മുന്‍ മന്ത്രി വി.സി കബീര്‍, കെ.പി ലോറന്‍സ്, അര്‍ജുനന്‍ മാസ്റ്റര്‍, എസ്.എ റഹ്മാന്‍, രാജന്‍ എന്നിവര്‍.

അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ മത്സരരംഗത്തിറങ്ങുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെ.പി.സി.സി. സ്ഥാനാര്‍ഥിനിര്‍ണയ സമിതിയുടെയും ഹൈക്കമാന്‍ഡിന്റെയും തീരുമാനമാണ് അന്തിമം. പാലക്കാട് യു.ഡി.എഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7