തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. അഞ്ചു ജില്ലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അഞ്ചുകോടി രൂപ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനു സ്വന്തം നേട്ടങ്ങള്‍ പരസ്യം ചെയ്യാനായാണ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നത്. ആദ്യപടിയായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് 5,23,74,281 രൂപ ചെലവിട്ട് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. എല്‍ഇഡി സ്‌ക്രീന്‍ അടങ്ങുന്ന 55 ഹോര്‍ഡിങ്‌സുകള്‍ സ്ഥാപിക്കുന്നതിനാണ് ഇത്രയും തുക. ഒരു ഹോര്‍ഡിങ്ങിന്റെ തുക പത്തു ലക്ഷത്തിനു മുകളില്‍ വരും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പിആര്‍ഡിയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള സ്ഥാപന മേധാവികള്‍ക്കു കത്തു നല്‍കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.