ന്യൂസിലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ അത്ര സുഖകരമല്ലാത്ത ഒരു റെക്കോർഡ് കുറിച്ചിരുന്നു. ടി-20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് പിറന്ന രണ്ടാമത്തെ ഓവർ എറിഞ്ഞ ബൗളർ എന്ന റെക്കോർഡ് ഇനിയങ്ങോട്ട് ദുബേയെ ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തും. ദുബേയുടെ ഓവറിനു പിന്നാലെ ടി-20യിൽ ഏറ്റവുമധികം റൺസ് പിറന്ന ഓവർ ഓർമ്മയുണ്ടോ? എന്ന ചോദ്യവുമായി ഐസിസി രംഗത്തെത്തി. ഈ ചോദ്യത്തിന് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് നൽകിയ മറുപടി വൈറലാണ്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഐസിസി ഈ ചോദ്യം ചോദിച്ചത്. ചർച്ചകളും ഓർമപ്പെടുത്തലുകളും തകർക്കുന്നതിനിടെ സ്റ്റുവർട്ട് ബോർഡ് ‘ഇല്ല’ എന്ന കമൻ്റ് പോസ്റ്റിൽ രേഖപ്പെടുത്തി. പോരേ പൂരം, ചരിത്രമറിയുന്ന ക്രിക്കറ്റ് ആരാധകർ ആ കമൻ്റ് ആഘോഷമാക്കി. ടി-20യിൽ ഏറ്റവുമധികം റൺസ് പിറന്ന ഓവർ എറിഞ്ഞത് സാക്ഷാൽ സ്റ്റുവർട്ട് ബ്രോഡ് തന്നെയാണ്.
2007ൽ നടന്ന പ്രഥമ ടി-20 ലോകകപ്പിൽ, ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിലാണ് ആ ഓവർ പിറന്നത്. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗാണ് അന്ന് ഈ റെക്കോർഡ് ഇട്ടത്. സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സറിനു പറത്തിയ യുവി അന്ന് 12 പന്തുകളിൽ അർധസെഞ്ചുറി നേടി ഏറ്റവും വേഗമേറിയ ഹാഫ് സെഞ്ചുറിയും കുറിച്ചു.