തിരുവനന്തപുരം• കൊറോണ വൈറസ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും ഹോമിയോ, യുനാനി മരുന്നുകൾ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം വരാത്തവർ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രോഗബാധിതരും നീരീക്ഷണത്തിലുള്ളവരും കേന്ദ്ര സർക്കാരിന്റെ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നിർബന്ധമായും തേടണമെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നടന്ന വിഡിയോ കോൺഫറൻസിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇതേ നിർദേശമാണ് നൽകിയതെന്ന് ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയും വ്യക്തമാക്കി. നിപ്പയുടെ കാലത്തും ഇതേ നിർദേശങ്ങൾ സർക്കാർ നൽകിയിരുന്നു. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ പത്തോളം പരിശോധനാ ലാബുകൾ തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.
ഇതിൽ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്നു നാല് ദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ക്രമീകരണങ്ങൾ ഒരുക്കും. സംസ്ഥാനത്തിന് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പരിശോധനാ കേന്ദ്രങ്ങൾ തുറക്കാനാകില്ലെന്നും കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചാലേ പരിശോധന ആരംഭിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.