കൊച്ചി: മുന്‍മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ കുറ്റപത്രമെന്നും കെ.ബാബു എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു.
കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. കെ.ബാബുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും അദ്ദേഹത്തിന്റെ ഓഫീസുകളിലുമൊക്കെ പരിശോധന നടത്തിയപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റും ഈ കേസ് ശ്രദ്ധിച്ചിരുന്നു.
150 കോടിയുടെ സാമ്പത്തിക ഇടപാടുകള്‍ കെ.ബാബുവിനും കൂട്ടര്‍ക്കുമെതിരേ വിജിലന്‍സ് തുടക്കത്തില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റും കേസില്‍ ഇടപെട്ടത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് 25 ലക്ഷമായി കുറഞ്ഞു. തന്റെ ആസ്തി വിവരങ്ങള്‍ കണക്കുകൂട്ടിയതില്‍ വിജിലന്‍സിന് പിഴവ് സംഭവിച്ചുവെന്ന നിലപാടിലാണ് കെ. ബാബു. ഇത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് കെ.ബാബുവിന്റെ മൊഴിയെടുത്തത്. തനിക്ക് കിട്ടിയ ട്രാവല്‍, ഡെയ്‌ലി അലവന്‍സുകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു.
സാധാരണ ഗതിയില്‍ വിജിലന്‍സ് കണ്ടെത്തിയ സമ്പാദ്യങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടിയിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് നീങ്ങും. എന്നാല്‍ 25 ലക്ഷം മാത്രമാണ് അനധികൃത സമ്പാദ്യമെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ബാബുവിന്റെ മറ്റ് ആസ്തികളും വിവരങ്ങളും വിജിലന്‍സ് തന്നെ കണ്ടെത്താതിരിക്കുന്നതിനാലും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം നടപടികള്‍ അവസാനിപ്പിക്കാനാണ് സാധ്യത.