കേരളത്തിനെതിരേ രാജസ്ഥാന് ലീഡ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരേ 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം. ആദ്യ ഇന്നിങ്സില്‍ വെറും 90 റണ്‍സിന് പുറത്തായ കേരളത്തിനെതിരേ രാജസ്ഥാന്‍ 268 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റണ്‍സെന്ന നിലയിലാണ്.

ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ഓപ്പണര്‍ വൈ.ബി കോത്താരി (92), ആര്‍.കെ ബിഷ്‌ണോയ് (67) എന്നിവര്‍ രാജസ്ഥാനു വേണ്ടി അര്‍ധ സെഞ്ചുറി നേടി. ക്യാപ്റ്റന്‍ അശോക് മെനാരിയ (26), എ.ആര്‍ ഗുപ്ത (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പന്തുകൊണ്ടുള്ള മികച്ച പ്രകടനം തുടരുന്ന കേരളത്തിന്റെ ജലജ് സക്സേന ഏഴു വിക്കറ്റ് വീഴ്ത്തി. എം.ഡി നിധീഷ് രണ്ടു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് അക്ഷയ് സ്വന്തമാക്കി.

നേരത്തെ അഞ്ചു വിക്കറ്റെടുത്ത എസ്.കെ ശര്‍മ്മയുടെ മികവില്‍ കേരളത്തെ രാജസ്ഥാന്‍ വെറും 90 റണ്‍സിന് പുറത്താക്കിയിരുന്നു. ആറു താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. 18 റണ്‍സെടുത്ത രോഹന്‍ പ്രേം ആണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. മത്സരം തുടങ്ങി എട്ടു റണ്‍സിനിടയില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. വിഷ്ണു വിനോദ് പൂജ്യത്തിന് പുറത്തായപ്പോള്‍ ആറു റണ്‍സായിരുന്നു ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സമ്പാദ്യം. കരുത്തനായ ജലജ് സക്സേനയ്ക്കും രക്ഷകനാകാന്‍ കഴിഞ്ഞില്ല. 11 റണ്‍സായിരുന്നു ജലജിന്റെ സമ്പാദ്യം.

14.2 ഓവറില്‍ 41 റണ്‍സ് വഴങ്ങിയായിരുന്നു എസ്.കെ ശര്‍മ്മയുടെ അഞ്ചു വിക്കറ്റ് പ്രകടനം. എ.ആര്‍ ഗുപ്ത രണ്ടു വിക്കറ്റെടുത്ത് പിന്തുണ നല്‍കി. എ.വി ചൗധരി, ആര്‍.ആര്‍ സിങ്ങ്, സി.പി സിങ്ങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരിക്കിന്റെ പിടിയിലായ റോബിന്‍ ഉത്തപ്പയും ബേസില്‍ തമ്പിയും ടീമില്‍ ഇടം നേടിയില്ല. സഞ്ജു വി. സാംസണും സന്ദീപ് വാര്യരും ഇന്ത്യ എ ടീമിനൊപ്പം ന്യൂസീലന്‍ഡ് പര്യടനത്തിന് പോയതും കേരളത്തിന് വിനയായി. കഴിഞ്ഞ മത്സരത്തില്‍ കേരളം പഞ്ചാബിനെ 21 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. അഞ്ചു കളിയില്‍ ഒന്‍പത് പോയന്റുമായി എലൈറ്റ് ഗ്രൂപ്പ് എ-ബിയില്‍ പതിന്നാലാം സ്ഥാനത്താണിപ്പോള്‍ കേരളം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7