നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെയാണ് ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ നടപടി. മുകേഷ് ശര്‍മ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും പുനഃപരിശോധന ഹര്‍ജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

കേസിലെ മറ്റ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. നിര്‍ഭയ കേസിലെ പ്രതികളെ 22ന് രാവിലെ ഏഴിന് ഡല്‍ഹി തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് പട്യാല കോടതി വിധിച്ചത്. എന്നാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനാണ് മറ്റ് പ്രതികളുടെ തീരുമാനമെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകും. ജയില്‍ ചട്ടപ്രകാരം ദയാഹര്‍ജി നല്‍കിയാല്‍ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹര്‍ജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ.

അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികള്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ തല്‍സ്ഥിതി വിശദീകരിക്കുന്ന റിപ്പോര്‍ട്ടായിരിക്കും ജയിലധികൃതര്‍ ഇന്ന് സമര്‍പ്പിക്കുക. 3.30നാണ് പട്യാല ഹൗസ് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7