ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴകത്ത് പുതിയ വിവാദം. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കുമെതിരെ പുതിയ കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷന്‍ നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും. അതിനുശേഷം ജയലളിതയ്ക്ക് മോശം ചികിത്സയാണ് ആശുപത്രിയില്‍ ലഭിച്ചതെന്നും കമ്മിഷന്‍ പറയുന്നു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ തോഴി വി.കെ.ശശികല, ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി പി.രാമമോഹന റാവു എന്നിവര്‍ക്കും അപ്പോളോ ആശുപത്രിക്കുമെതിരെ ആരോപണങ്ങളുമായി ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മീഷന്റെ അഭിഭാഷകനും രംഗത്തെത്തി.
ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന് മുന്‍പാകെ സ്വന്തം നിലക്കാണ് അഭിഭാഷകന്‍ മുഹമ്മദ് ജാഫറുള്ള ഖാന്‍ പരാതി നല്‍കിയത്. വിദഗ്ധര്‍ നിര്‍ദേശിച്ച ആന്‍ജിയോ ഗ്രാം നടത്താത്തത് ജയലളിതയുടെ രോഗം വഷളാക്കിയെന്നും ഇതിന് അപ്പോളോ ആശുപത്രിയും ശശികലയും ഉത്തരവാദികളാണെന്നും പരാതിയില്‍ പറയുന്നു.
അപ്പോളോ ആശുപത്രിക്കും ശശികലക്കും പുറമെ രാധാകൃഷ്ണനെയും രാമമോഹനറാവുവിനെയും അന്വേഷണത്തില്‍ കക്ഷി ചേര്‍ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. വിദേശചികിത്സ നല്‍കിയാല്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കഴിവില്‍ സംശയമുണ്ടാകുമെന്ന് പറഞ്ഞ ആരോഗ്യ സെക്രട്ടറി അപ്പോളോ വക്താവിനെ പോലെയാണ് പെരുമാറിയതെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയത് അന്വേഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മീഷന്‍ ലണ്ടനിലെ ഡോ. റിച്ചാര്‍ഡ് ബെയിലിന് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചു. ലണ്ടന്‍ ബ്രിഡ്ജ് ആസ്പത്രിയില്‍ ജോലി ചെയ്യുന്ന റിച്ചാര്‍ഡ് ബെയില്‍ ജയലളിതയെ ചികിത്സിക്കാനായി 2016 സെപ്റ്റംബറില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ആരോഗ്യമന്ത്രി സി. ഭാസ്‌കര്‍, ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ഈ മാസം 20 ന് മുന്‍പ് കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പനീര്‍ സെല്‍വത്തിന് സമന്‍സ് അയച്ചിരുന്നെങ്കിലും പനീര്‍ സെല്‍വം ഹാജരായിരുന്നില്ല.തുടര്‍ന്ന് വീണ്ടും സമന്‍സ് അയക്കുകയായിരുന്നു.
ആരോഗ്യമന്ത്രിയോട് ജനുവരി 7 നും, ഉപമുഖ്യമന്ത്രിയോട് ജനുവരി 8 നും,ലോക്‌സഭാ സ്പീക്കറോട് ജനുവരി 11 നും,റിച്ചാര്‍ഡ് ബെയിലിനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ജനുവരി 9 നും ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജയലളിതയുടെ പിറന്നാള്‍ ദിവസമായ ഫെബ്രുവരി 24 ന് മുന്‍പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. 2017 ഡിസംബര്‍ അഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം ജയലളിത മരിച്ചത്.