വീണ്ടും മാറി മറിഞ്ഞ് മഹാരാഷ്ട്ര; ബിജെപിയും ശിവസേനയും ഒരുമിക്കുമെന്ന് സൂചനകള്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന കാര്യത്തില്‍ ബിജെപി ആത്മവിശ്വാസത്തിലാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ഇക്കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷായും എല്ലാം ശരിയാകുമെന്നു പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അധികാരം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിജെപിയും ശിവസേനയും നേര്‍ക്കുനേര്‍ പോരാടുമ്പോഴാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബിജെപിയും ശിവസേനയും ഒരുമിക്കുമെന്ന് അമിത് ഷാ പറഞ്ഞതായും അഠാവ്‌ലെ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷം ശിവസേന ഒരിക്കലും സ്വീകരിക്കാനാകാത്ത അവകാശവാദങ്ങളാണ് ഉയര്‍ത്തുന്നതെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഭയക്കാനൊന്നുമില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ശിവസേന-ബിജെപി സഖ്യം വിജയിച്ചാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ഞാനും പല തവണ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാലിപ്പോള്‍ പുതിയ ആവശ്യങ്ങളുമായി ശിവസേന വരികയാണ്. ഈ അവകാശവാദങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതുമാണ്. അടച്ചിട്ട മുറിയില്‍ എന്തുനടക്കുന്നുവെന്നതു പറയുക ഞങ്ങളുടെ പാര്‍ട്ടിയുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല. വിപ്ലവം നടത്തി ജനത്തിന്റെ പിന്തുണ നേടാമെന്നാണ് ശിവസേന കരുതുന്നതെങ്കില്‍, അവര്‍ക്കു പൊതുജനത്തെ അറിയില്ലെന്നു പറയേണ്ടി വരുമെന്നും അഠാവ്‌ലെ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭയിലെ തുല്യപങ്കാളിത്തവും ശിവസേന അവകാശപ്പെട്ടതോടെയാണ് ബിജെപി -ശിവസേന സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തിയ സേന കേന്ദ്രമന്ത്രി സഭയിലെ അവരുടെ പ്രതിനിധിയെയും പിന്‍വലിച്ചു. എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുമായി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകളും അവര്‍ തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായെയും ആര്‍എസ്എസ് നേതൃത്വത്തെയും കണ്ടു. എന്നാല്‍ ബിജെപിയുടെ ദേശീയ നേതാക്കളാരും ഇതുവരെ ശിവസേനയെ സമീപിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7