മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ നല്‍കി. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ യോഗത്തിന് ശേഷം ബ്രിക്സ് ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക് പോകുകയും ചെയ്തു. പഞ്ചാബ് സന്ദര്‍ശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഭൂരിപക്ഷം തെളിയിക്കുന്നതിന് എന്‍സിപിക്ക് നല്‍കിയ 24 മണിക്കൂര്‍ സമയം അവസാനിക്കുന്നതിന് മുമ്പായിട്ടാണ് ഗവര്‍ണറും കേന്ദ്ര മന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി പിന്‍വാങ്ങിയതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. അനുവദിച്ച 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കാന്‍ ശിവസേനക്കായിരുന്നില്ല.
കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും നിരസിച്ച്ക്കൊണ്ട് ഗവര്‍ണര്‍ എന്‍സിപിയെ ക്ഷണിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ടരയോടെയാണ് എന്‍സിപിക്ക് നല്‍കിയ സമയം അവസാനിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍സിപിയും അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ശിവസേനയെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നേതൃത്വം വിമുഖ കാണിക്കുന്നതാണ് എന്‍സിപിയെ അനിശ്ചിതത്വത്തിലാക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ച് മണിക്ക് ശേഷം ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ. അതേ സമയം എന്‍സിപി 48 മണിക്കൂര്‍ കൂടി സമയം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ഭൂരിപക്ഷം തെളിയിക്കുന്നതിന് സമയം നീട്ടി നല്‍കാന്‍ മഹരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി വിസമ്മതിച്ചതിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം മാത്രമേ നല്‍കിയിള്ളുവെന്നാണ് ശിവസേന നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.