ലയണല്‍ മെസ്സി ഫിഫയുടെ മികച്ച താരമായി തിരഞ്ഞടുക്കപ്പെട്ട ചടങ്ങില്‍നിന്ന് വിട്ടുനിന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോ, ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക് എന്നിവരെ മറികടന്നാണ് മെസ്സി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയത്.
മെസ്സി പുരസ്‌കാരം നേടിയതിനു പിന്നാലെ തത്വചിന്താപരമായ വാക്കുകള്‍ ഉള്‍ക്കൊള്ളിച്ച് പുസ്തകം വായിച്ചിരിക്കുന്ന ചിത്രം റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘പ്രൊഫഷണലിനെ അമേച്വറില്‍ നിന്ന് വേര്‍തിരിക്കുന്ന രണ്ട് സവിശേഷതകള്‍ ക്ഷമയും സ്ഥിരോത്സാഹവുമാണ്. ഇന്ന് വലുതായിട്ടുള്ളതെല്ലാം ചെറുതില്‍ നിന്ന് തുടങ്ങിയിട്ടുള്ളതാണ്. നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയില്ല, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. രാത്രിക്കുശേഷം പ്രഭാതമുണ്ടെന്ന കാര്യം എപ്പോഴും ഓര്‍ക്കുക’ – റൊണാള്‍ഡോ കുറിച്ചു.
ഇത് ആറാം തവണയാണ് മെസ്സിയെ ലോക ഫുട്‌ബോളറായി ഫിഫ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് അര്‍ജന്റിനന്‍ താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മെസ്സിയുടെ കരിയറിലെ ആദ്യ ‘ഫിഫ ബെസ്റ്റ്’ പുരസ്‌കാരമാണിത്. അതേസമയം ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇതിന് മുമ്പ് അഞ്ച് തവണ മെസ്സി നേടിയിട്ടുണ്ട്.