ഉരുള്‍പൊട്ടിയ വയനാട്ടില്‍ സൈന്യമെത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറേപേരെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു എന്ന അവസ്ഥയാണ്. രക്ഷാ പ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും നടന്നാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇവിടെ എത്ര ആളുകള്‍ കുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല. രക്ഷപ്പെടുത്തിയ പത്ത് പേരില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല.

മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, കര – വ്യോമസേനാ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കി.

വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി എന്ന് അറിയിച്ചുകൊണ്ട് നാട്ടുകാര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വലിയ പള്ളിയുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഇവിടെ രണ്ട് പാടികളിലായി നിരവധി എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി ദൃശ്യസന്ദേശത്തില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular