വെസ്റ്റ് ഇന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സില്‍ 297 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 108 റണ്‍സ് പിന്നിലാണ്.
രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിംഗ്‌സ് ആണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റണ്‍സ് നേടി.
പിന്നെ കണ്ടത് സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ വീന്‍ഡീസിന് മേല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മേധാവിത്വം. ഇശാന്ത് ശര്‍മ്മ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്.
ടെസ്റ്റ് കരിയറിലെ ഒന്‍പതാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് ശര്‍മയാണ് വിന്‍ഡീസ് ബാറ്റിങ് നിരയ്ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. അഞ്ചിന് 174 റണ്‍സെന്ന നിലയില്‍ ഇന്ത്യയെ വെല്ലുവിളിച്ച വിന്‍ഡീസിന്റെ മൂന്നു വിക്കറ്റുകള്‍ വെറും അഞ്ചു റണ്‍സിനിടെ പിഴുതെടുത്താണ് ഇഷാന്ത് ഇന്ത്യയ്ക്ക് അപ്രതീക്ഷിത മേല്‍ക്കൈ സമ്മാനിച്ചത്. 13 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തത്. നേരത്തെ, ഇന്ത്യന്‍ ഇന്നിങ്‌സിലെ എട്ടാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഇഷാന്ത് തീര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിന് അടുത്തെത്തിച്ചത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ടെസ്റ്റില്‍ ഇഷാന്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന്റെ ഭാഗമാകുന്നത്.
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്ത് ഇഷാന്തിന് ഉറച്ച പിന്തുണ നല്‍കി. അര്‍ധസെഞ്ചുറിക്ക് രണ്ടു റണ്‍സ് അകലെ വീണുപോയ റോസ്റ്റന്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 74 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ചേസ് 48 റണ്‍സെടുത്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കണ്ടെത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ വിന്‍ഡീസ് ഇന്നിങ്‌സില്‍ ഒരു കൂട്ടുകെട്ടും അര്‍ധസെഞ്ചുറി കടക്കാന്‍ അനുവദിച്ചില്ല. ക്രെയ്ഗ് ബ്രാത്ത്വയ്റ്റ് (14), ജോണ്‍ കാംബെല്‍ (23), അരങ്ങേറ്റ താരം ഷമര്‍ ബ്രൂക്‌സ് (11), ഡാരന്‍ ബ്രാവോ (18), ഷായ് ഹോപ്പ് (24), ഷിംറോണ്‍ ഹെറ്റ്മയര്‍ (35), കെമര്‍ റോച്ച് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 96.4 ഓവറിലാണ് 297ന് എല്ലാവരും പുറത്തായത്. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്കു പിന്നാലെ അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. ടെസ്റ്റിലെ 11ാം അര്‍ധസെഞ്ചുറി കുറിച്ച ജഡേജ, 112 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്ത് ഏറ്റവും ഒടുവിലാണ് പുറത്തായത്. വെസ്റ്റിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനന്‍ ഗബ്രിയേല്‍ മൂന്നും റോസ്റ്റന്‍ ചേസ് രണ്ടും ജെയ്‌സന്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.
അകത്തോ പുറത്തോ എന്ന നിലയില്‍നിന്ന് ടീമില്‍ സ്ഥാനം ഉറപ്പിച്ച രവീന്ദ്ര ജഡേജയുടെ പോരാട്ടമാണ് രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സിലെ ഹൈലൈറ്റ്. ഏകദിന ലോകകപ്പ് സെമിയിലെ പോരാട്ടത്തെ അനുസ്മരിപ്പിച്ച് കളം നിറഞ്ഞ ജഡേജ, ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറും കുറിച്ചു. എട്ടാം വിക്കറ്റില്‍ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം ജഡേജ പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിന് അടുത്തെത്തിച്ചത്. ഇഷാന്ത് 62 പന്തില്‍ ഒരു ബൗണ്ടറി സഹിതം 19 റണ്‍സെടുത്തു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് തുടക്കത്തിലേ പുറത്താകുന്ന കാഴ്ചയോടെയാണ് രണ്ടാം ദിനം ഇന്ത്യ ഇന്നിങ്‌സ് പുനരാരംഭിച്ചത്. 47 പന്തില്‍ നാലു ബൗണ്ടറി സഹിതം 24 റണ്‍സെടുത്ത പന്തിനെ കെമര്‍ റോച്ചാണ് പുറത്താക്കിയത്. ഇതിനു ശേഷമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാം അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന്റെ പിറവി. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇഷാന്ത് ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒടുവില്‍ ഷാനന്‍ ഗബ്രിയേലിന് മല്‍സരത്തിലെ മൂന്നാം വിക്കറ്റ് സമ്മാനിച്ച് പുറത്താകുമ്പോള്‍ 62 പന്തില്‍ ഒരു ബൗണ്ടറി സഹിതം നേടിയ 19 റണ്‍സായിരുന്നു ഇഷാന്തിന്റെ സമ്പാദ്യം.
മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡക്കായി വന്നപോലെ മടങ്ങിയത് ജഡേജയുടെ അര്‍ധസെഞ്ചുറി മോഹങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് തോന്നിച്ചെങ്കിലും ജസ്പ്രീത് ബുമ്രയുടെ ശക്തമായ ചെറുത്തുനില്‍പ്പ് ജഡേജയുടെ കൂട്ടിനെത്തി. 15 പന്തില്‍ നാലു റണ്‍സുമായി ക്രീസില്‍ ഉറച്ചുനിന്ന ബുമ്രയെ സാക്ഷി നിര്‍ത്തി ജഡേജ ടെസ്റ്റിലെ 11ാം അര്‍ധസെഞ്ചുറി കുറിച്ചു. റോസ്റ്റന്‍ ചേസിനെ ബൗണ്ടറി കടത്തി അര്‍ധസെഞ്ചുറി പിന്നിട്ട ജഡേജ, തൊട്ടടുത്ത പന്ത് സിക്‌സിനു പറത്തിയാണ് അര്‍ധസെഞ്ചുറി ആഘോഷിച്ചത്. അധികം വൈകാതെ വിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് മല്‍സരത്തിലെ അഞ്ചാം ക്യാച്ച് സമ്മാനിച്ച് പുറത്താകുകയും ചെയ്തു.
വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ അര്‍ധസെഞ്ചുറിക്കരുത്തില്‍ ഒന്നാം ദിനം ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണു നേടിയത്. 163 പന്തില്‍ 10 ബൗണ്ടറി സഹിതം 81 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. ഓപ്പണര്‍ ലോകേഷ് രാഹുലിനൊപ്പം നാലാം വിക്കറ്റിലും ഹനുമ വിഹാരിക്കൊപ്പം അഞ്ചാം വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ക്കാനും രഹാനെയ്ക്കായി. രാഹുല്‍ 44 റണ്‍സെടുത്തും വിഹാരി 32 റണ്‍സെടുത്തുമാണ് പുറത്തായത്.