ഇനി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രം; നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇനി പാകിസ്ഥാനുമായി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്താതെ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഹരിയാനയില്‍ ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടുവെന്നും അനുച്ഛേദം 370 എടുത്തുകളഞ്ഞ കാര്യത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ മറ്റു രാജ്യങ്ങളുടെ വാതിലുകള്‍ മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാലാകോട്ടില്‍ നടത്തിയ പോലെ വലിയ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിനര്‍ത്ഥം ബാലക്കോട്ടില്‍ ഇന്ത്യ ചെയ്ത കാര്യങ്ങള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി അംഗീകരിക്കുന്നുവെന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം, പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുര്‍, റെയ്‌സി ജില്ലകളിലാണ് ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇന്നും കൂടുതല്‍ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും.

പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.370 റദ്ദാക്കിയതിന് പിന്നാലെ ശക്തമായ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. കശ്മീര്‍ താഴ്‌വര ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളിലാണ്. അവിടെ തല്‍ക്കാലം നിയന്ത്രണങ്ങള്‍ പതുക്കെ മാത്രമേ നീക്കൂ എന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7