ഇരട്ട പദവി വഹിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്.
ബി.സി.സി.ഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡി.കെ ജെയ്ന്‍, ദ്രാവിഡിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്‌സ്.
പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ദ്രാവിഡിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഓഗസ്റ്റ് 16-നകം അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഡി.കെ ജെയ്ന്‍ പറഞ്ഞു. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.