വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. 20 ഓവറില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 96 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവറില്‍ മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയില്‍ പരുങ്ങി. പിന്നീട് മൂന്ന് വിക്കറ്റ് തുടരെ തുടരെ നഷ്ടപ്പെട്ടു. ഒടുവില്‍ 16 പന്തുകള്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ വിജയതീരത്തെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട വിന്‍ഡീസ് ബാറ്റിങ് ഇന്ത്യയുടെ യുവ ബൗളിങ്ങിനെതിരേ ദയനീയമായി തകരുകയായിരുന്നു. ഇരുപത് ഓവറില്‍ അവര്‍ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. കീരണ്‍ പൊള്ളാര്‍ഡിന് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. പൊള്ളാര്‍ഡ് 49 പന്തില്‍ നിന്ന് 49 റണ്‍സെടുത്തു. നിക്കോളസ് പൂരാന്‍ 16 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യയ്ക്കുവേണ്ടി നവദീപ് സയ്നി മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, കൃണാല്‍ പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.