ഡല്‍ഹി: ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമി വാതുവയ്പുകാരില്‍ നിന്ന് പണം വാങ്ങിയെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഹസിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷമിയുടെ വാദം. വാതുവയ്പ്പുകാര്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നതിലും ഭേദം മരണമാണ്. എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നാണ് അവളുടെ കുടുംബം പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആരാണ് അവളെ തെറ്റിദ്ധരിപ്പിച്ചതെന്ന് അറിയില്ല. ഹസിന് ഭ്രാന്തായിരിക്കുകായാണ്. ആരോപണങ്ങള്‍ അവള്‍ തെളിയിക്കേണ്ടി വരും ഷമി പറഞ്ഞു.
ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ആരോപണങ്ങളുമായാണ് ഹസിന്‍ രംഗത്ത് വന്നിരിക്കുന്നത്. ഷമിക്ക് തന്നെ ചതിക്കാമെങ്കില്‍ ഇന്ത്യയേയും ചതിക്കാം. അലിസ്ബാഹ് എന്ന പാക് യുവതിയില്‍ നിന്ന് ദുബായില്‍ വച്ച് ഷമി പണം വാങ്ങി. ഇംണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഷമി പണം വാങ്ങിയത്. തന്റെ പക്കല്‍ അതിന് തെളിവുണ്ടെന്നും ഹസിന്‍ പറഞ്ഞിരുന്നു.