കൊച്ചി: ജില്ലയിലെ തടവുകാർക്കായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പുതിയ സംരംഭം – രണ്ടാമൂഴം ജില്ലാ ജയിലിൽ കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. തടവുകാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ജയിൽ അന്തേവാസികളും പദ്ധതി പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ആഴ്ചയിൽ മൂന്ന് ദിവസത്തിൽ ജില്ലയിലെ അഞ്ചു ജയിലുകളിലും പരിപാടി സംഘടിപ്പിക്കും.
മിക്ക തടവുകാരും വിവിധ ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഇവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ തരണം ചെയ്ത് വിജയകരമായ ജീവിതം നയിക്കുന്നതിന് രണ്ടാമതൊരു അവസരം നൽകുന്ന പദ്ധതിയാണ് രണ്ടാമൂഴം . നുമ്മ ഊണ്, റോഷ്നി, പുതുയുഗം എന്നീ പദ്ധതികൾക്ക് ശേഷം ജില്ലാ ഭരണകൂടം
പുതുതായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണിത്.
നാഷണൽ ബ്ലൈൻഡ്നെസ്സ് കൺട്രോൾ പ്രോഗ്രാം, ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം, നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്.
തടവുകാരുടെ നേത്രസംബന്ധ രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയുടെ രോഗനിർണ്ണയമാണ് നടത്തുന്നത്. ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരാണ് രോഗനിർണ്ണയം നടത്തുന്നത്. രോഗനിർണയത്തിനൊപ്പം ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഇവയ്ക്കുപുറമേ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. ഡിസ്ട്രിക്റ്റ് മെന്റൽ ഹെൽത്ത് പ്രോഗ്രാമിലെ മാനസികരോഗ വിദഗ്ധരാണ് ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് . അഡീഷണൽ ഡിഎംഒ ഡോ വിവേക് കുമാറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ.