ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന താരം എം.എസ്. ധോണി തീരുമാനമെടുക്കുന്നത് കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഓണററി ലഫ്റ്റനന്റ് കേണല്‍ കൂടിയായ എം.എസ് ധോണിക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവരുന്നു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ധോണിക്ക് അനുമതി നല്‍കിയത്.
മറ്റ് സൈനികര്‍ക്കൊപ്പം കശ്മീരിലായിരിക്കും ധോണിയുടെ പരിശീലനം നടക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ധോണി അംഗമായ ബംഗളൂരു ആസ്ഥാനമായ ബറ്റാലിയന്‍ ഇപ്പോള്‍ കശ്മീരിലാണുള്ളതെന്നും ആര്‍മി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്. കേണലായ ധോണി സൈന്യത്തോടൊപ്പം ചെലവഴിക്കാന്‍ രണ്ട് മാസത്തെ വിശ്രമം ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കുകയും ചെയ്തു.
അതിനിടെ വിരമിക്കുന്നത് സംബന്ധിച്ച് ധോണിയുമായി സംസാരിച്ചെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണിയെപ്പോലെ ഒരു ഇതിഹാസ താരത്തിന് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് താനുണ്ടാവില്ലെന്ന് ധോണി അറിയിച്ചിരുന്നു. ലോകകപ്പ് വരെ ടീമില്‍ ധോണിയുടെ റോളിനെക്കുറിച്ച് ഞങ്ങളൊരു മാര്‍ഗരേഖ ഉണ്ടാക്കിയിരുന്നു. ലോകകപ്പിനുശേഷം ഞങ്ങള്‍ മറ്റു ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഋഷഭ് പന്തിന് പരമാവധി അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. വിരമിക്കലിനെപ്പറ്റി ധോണിയുമായി ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ വിരമിക്കല്‍ തീരുമാനം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ഇതിഹാസ താരമായ ധോണിയെപ്പോലൊരാള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്നും അറിയാമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.
ഋഷഭ് പന്തായിരിക്കും ഇനിമുതല്‍ മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറാകുകയെന്നും ഋഷഭ് പന്തിന്റെ ജോലിഭാരം കൈകാര്യം ചെയ്യലാണ് ഇനിയുള്ള പ്രധാന ഉത്തരവാദിത്തമെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പിലെ ധോണിയുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പ്രസാദ് വ്യക്തമാക്കി.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്. കേണലായ ധോണി സൈനിക പരിശീലനത്തില്‍ പങ്കെടുക്കാനായി രണ്ടു മാസം നീക്കിവെച്ചിരിക്കുകായണ്. അതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ബിസിസിഐ പ്രതിനിധി ഇന്നലെ വ്യക്തമാക്കിയിരുന്നു. ധോണി ഉടന്‍ വിരമിക്കില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞിരുന്നു.