ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ പാകിസ്താന് വന്‍ വിജയം എന്ന് ട്വീറ്റ് ചെയ്ത പാക് സര്‍ക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പ്രസ്താവിച്ചത് ഇംഗ്ലീഷിലായത് പാകിസ്താന്റെ കുറ്റമല്ലെന്ന് പരിഹസിച്ചാണ് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തത്.
2016 ല്‍ ചാരവൃത്തി ആരോപിച്ചാണ് കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലില്‍ പാക് സൈനിക കോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ ഇടപെടലിനെത്തുടര്‍ന്ന് കുല്‍ഭുഷണിന്റെ വധശിക്ഷ തടഞ്ഞു കൊണ്ട് ജൂലായ് പതിനേഴിന് അന്താരാഷ്ട്ര നീതിന്യായകോടതി ഉത്തരവിട്ടു.
തുടര്‍ന്ന് കുല്‍ഭൂഷണെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം ഐസിജെ തള്ളിയെന്നും ഇത് പാകിസ്താന്റെ വലിയ വിജയമാണെന്നും സൂചിപ്പിച്ച് പാക് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. ഇതിനെ പരിഹസിച്ചാണ് ഗിരിരാജ് സിങ് മറുപടി ട്വീറ്റ് ചെയ്തത്.
കുല്‍ഭൂഷന് നയതന്ത്രസഹായം പാകിസ്താന്‍ നിഷേധിച്ചത് 1963 ലെ വിയന്ന കരാറിന്റെ ലംഘനമാണെന്നും പാകിസ്താന്റെ പ്രവൃത്തി മനുഷ്യാവകാശ ലംഘനാണെന്നും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ശക്തമായ പോരാട്ടത്തിനൊടുവില്‍ കുല്‍ഭൂഷന്റെ വധശിക്ഷ തടഞ്ഞുള്ള വിധി വന്നിരിക്കുകയാണ്. എന്നാല്‍ കുല്‍ഭൂഷന്റെ മോചനം അനിശ്ചിതത്വത്തിലാണ്.