ലോകകപ്പില്‍ നാലാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് മൂന്നിന് സതാംപ്ടണിൽ തുടങ്ങുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. കടുപ്പമേറിയ വെല്ലുവിളികള്‍ വിജയകരമായി അതിജീവിച്ചാണ് ഇന്ന് ടീം ഇന്ത്യ എത്തുന്നത്. ലോകകപ്പില്‍ ഒന്ന് പോലും ജയിക്കാത്ത അഫ്ഗാനിസ്ഥാനെയാണ് തോൽവിയറിയാതെ എത്തുന്ന ഇന്ത്യക്ക് നേരിടേണ്ടത്.
വിജയകോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ഇഷ്ടപ്പെടാത്തയാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. എന്നാൽ ഭുവനേശ്വറിന് കുമാറിന് പരിക്കേറ്റതോടെ മുഹമ്മദ് ഷമിയുടെ മടങ്ങിവരവ് ഉറപ്പിക്കാം. പാകിസ്ഥാനെതിരായ മത്സരത്തിനിടെയാണ് കാലിലെ പേശികൾക്ക് പരിക്കേറ്റത്. ഭുവനേശ്വർ കുമാർ അടുത്ത രണ്ട് മത്സരത്തിലും കളിക്കില്ല.
റിഷഭ് പന്തിന്‍റെ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ ഇന്ന് നിരാശരാകാനാണ് സാധ്യത. ഇന്ത്യയുടെ നാലാം നമ്പറിൽ ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധവാന് പകരം ഇംഗ്ലണ്ടിലെത്തിയ റിഷഭ് പന്ത് ടീമിന്‍റെ ഭാഗമായിക്കഴിഞ്ഞു.
അഫ്ഗാനിസ്ഥാന്‍ കടുത്ത പ്രതിസന്ധിയിലാണ്. സഹതാരങ്ങളുടെ പിന്തുണയില്ലാത്ത നായകന്‍, ടീം വിടാനൊരുങ്ങുന്ന പരിശീലകന്‍, 100ലേറെ റൺസ് വഴങ്ങിയ ശേഷം ആദ്യമായി ബൗള്‍ ചെയ്യാനൊരുങ്ങുന്ന മുഖ്യ സ്പിന്നര്‍. അതിജീവനം ആണ് അഫ്ഗാന്‍റെ മുഖമുദ്രയെങ്കിലും ലോകകപ്പില്‍ ഇന്ത്യയുടെ അമ്പതാം ജയത്തിന് തന്നെ ഇന്ന് സാധ്യത.