പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അപകടത്തില്‍ മരിച്ച ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറിന്റെ മൃതദേഹം ഇന്നലെ രാത്രി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശേഷിക്കുന്ന 7 മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു, ആംബുലന്‍സ്. പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടമുണ്ടായത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയല്ല ഇത്.
നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍ (39), പട്ടാമ്പി സ്വദേശികളായ നാസര്‍ (45), സുബൈര്‍ (39), ഫവാസ് (17), ഷാഫി (13), ഉമര്‍ ഫാറൂഖ് (20), അയിലൂര്‍ സ്വദേശികളായ നിഖില്‍, വൈശാഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.
പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികള്‍. ഇവര്‍ക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വിവരമറിയിച്ചപ്പോള്‍ ഇവരെ കാണാന്‍ പട്ടാമ്പിയില്‍ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലന്‍സില്‍ കയറിയത്.
സ്‌കാനിംഗ്, എക്‌സ്‌റേ അടക്കമുള്ള തുടര്‍ പരിശോധനകള്‍ക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. പാലക്കാട്ടെത്തുന്നതിന് മുമ്പ് തണ്ണിശ്ശേരിയില്‍ വച്ച് അപകടമുണ്ടായത്. മീന്‍ കൊണ്ടുപോകുന്ന ലോറിയുമായാണ് ആംബുലന്‍സ് കൂട്ടിയിടിച്ചത്.