പിയൂഷ് ഗോയല്‍ നിയമമന്ത്രിയായേക്കും; പുതിയ മന്ത്രിസഭയില്‍ ചുമതല വേണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പുതിയ സര്‍ക്കാരില്‍ ചുമതലകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഇത്തവണ പുതിയ സര്‍ക്കാരില്‍ തല്‍ക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സര്‍ക്കാരില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അരുണ്‍ ജയ്റ്റ്‌ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

ഇതോടെ ധനമന്ത്രിസ്ഥാനത്തേക്ക് പുതിയ ആള്‍ എത്തുമെന്ന് ഉറപ്പായി. അരുണ്‍ ജയ്റ്റ്‌ലി വിദേശത്തേക്ക് ചികിത്സയ്ക്ക് പോയ സമയത്ത് പകരം ചുമതല വഹിച്ച മുന്‍ ഊര്‍ജ, റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ പുതിയ ധനമന്ത്രിയാകുമെന്നാണ് സൂചന.

ഇന്ന് രാത്രി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കും. ഇതിന് മുന്നോടിയായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ് നരേന്ദ്രമോദിയും അമിത് ഷായും.

”എന്റെ ആരോഗ്യവും ചികിത്സയും കണക്കിലെടുത്താണ് എന്നെ തല്‍ക്കാലം ഒഴിവാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്”, അരുണ്‍ ജയ്റ്റ്‌ലി കത്തില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും. പിഎംഒ ഓഫീസില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014-ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാര്‍ക്ക് ക്ഷണമുണ്ട്.

ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇന്ന് ദില്ലിയില്‍ എത്തും. ഒഡീഷയില്‍ നവീന്‍പട്‌നായിക് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7