ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-–7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും സര്‍വേയില്‍ പറയുന്നു. 2017 – 18 സാമ്പത്തിക വര്‍ഷം 6.75% ആയി ജിഡിപി ഉയരും. ഇന്ത്യയെ എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ വളര്‍ച്ച മാറ്റുമെന്നും സര്‍വേയില്‍ പറയുന്നു. ബജറ്റ് അവതരണത്തിനു മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു. രണ്ടാം പാദത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്കു കുതിപ്പേകിയത് ജിഎസ്ടിയും ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഉദാരവല്‍ക്കരണവും ഉയര്‍ന്ന കയറ്റുമതിയുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ജിവിഎ (ഗ്രോസ് വാല്യു ആഡഡ്) നിരക്ക് 2017–18ല്‍ 6.1% ആയി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016–17ല്‍ ഇത് 6.6% ആയിരുന്നു. ജിഎസ്ടി ഡേറ്റയുടെ പ്രാഥമിക വിലയിരുത്തലില്‍ നേരിട്ടല്ലാതെ നികുതിയൊടുക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധനവു വന്നിട്ടുണ്ട്.
ജുഡീഷ്യല്‍, അപ്പല്ലേറ്റ് സമിതികളില്‍ മുടങ്ങിക്കിടക്കുന്നതും വൈകുന്നതും പൂര്‍ത്തീകരിക്കാത്തതുമായ കാര്യങ്ങളിലേക്കു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. വരുന്ന വര്‍ഷം ഇന്ധന വില ഉയര്‍ന്ന നിരക്കില്‍ തുടരുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ‘നയത്തില്‍ കടുത്ത ജാഗ്രത’ പുലര്‍ത്തണമെന്നും സര്‍വേ വിലയിരുത്തുന്നു.