ഗാങ്ടോക്ക്: സിക്കിമില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമാക്കി ചുരുക്കി. പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അധികാരം ഏറ്റെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെ ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളുടെ എണ്ണം ആറില്‍നിന്ന് അഞ്ചാക്കി കുറയ്ക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമാങ്ങിന്റെ പാര്‍ട്ടി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് സിക്കിമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 32 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടിയാണ് തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.
താനും മന്ത്രിമാരും എം എല്‍ എമാരും ഔദ്യോഗിക വാഹനമായി സ്‌കോര്‍പിയോയെ ഉപയോഗിക്കൂവെന്നും തമാങ് പറഞ്ഞു. മുമ്പ് നിയമസഭാ അംഗങ്ങളായിരുന്നവര്‍ ഫോര്‍ച്യൂണര്‍ വാഹനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. നിലവില്‍ ഫോര്‍ച്യൂണര്‍ വാഹനങ്ങള്‍ ഉപയോഗിക്കാനേ ഞങ്ങള്‍ക്ക് നിവൃത്തിയുള്ളു. എന്നാല്‍ സ്‌കോര്‍പിയോ ലഭിക്കുന്നതോടെ യാത്രകള്‍ അതിലേക്ക് മാറ്റും. താരതമ്യേന ചെലവു കുറഞ്ഞ സ്‌കോര്‍പിയോകളിലേക്ക് യാത്ര മാറ്റുന്നതിലൂടെ ആ പണം സിക്കിമിലെ ജനങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കുമെന്നും തമാങ് കൂട്ടിച്ചേര്‍ത്തു.