ബെംഗളൂരു സെന്‍ട്രലിലെ വോട്ടെണ്ണല്‍ നടക്കുകയാണ്. ബിജെപിയിലെ പി എസ് മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മില്‍ കട്ടയ്ക്കു കട്ട പോരാട്ടം നടക്കുകയാണ്. ആകെ ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷം. ഓരോ റൗണ്ട് കഴിയുമ്പോഴും അപ്പോഴത്തെ ഫലങ്ങള്‍ വിളിച്ചു പറയുന്നുണ്ട്, സ്‌ക്രീനുകളില്‍ അക്കങ്ങള്‍ ഏറിയും കുറഞ്ഞും വന്നു കൊണ്ടിരിക്കുന്നു. വോട്ടുകള്‍ കൂടുമ്പോഴും കുറയുമ്പോഴും അതിനനുസരിച്ച് ഓരോ സ്ഥാനാര്‍ത്ഥിയുടെയും അണികള്‍ കയ്യടികളും കൂക്കിവിളികളുമായി അതിനെ സ്വാഗതം ചെയ്യുന്നുണ്ട്.
ഇതിനിടെ അവിടെ ഒരാള്‍ തുടക്കം മുതല്‍ക്കേ വളരെ സംഘര്‍ഷ ഭരിതമായ മനസ്സോടെ ഇരിപ്പുണ്ടായിരുന്നു. അത് അതേ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രകാശ് രാജ് ആയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന സമയം വരെ ടെലിവിഷന്‍ ചര്‍ച്ചകളിലെല്ലാം മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളോടും ഒപ്പം ടെലിവിഷന്‍ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റും മുട്ടി നിന്നിരുന്നു അദ്ദേഹവും. എന്നാല്‍ പെട്ടിതുറന്ന വോട്ടെണ്ണിയപ്പോള്‍ മാത്രം വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്തെ സ്‌ക്രീനില്‍ ആ ഒരു ആവേശം തെളിഞ്ഞുകണ്ടില്ല. മറ്റുള്ള രണ്ടു സ്ഥാനാര്‍ത്ഥികളുടെയും പോരാട്ടം ഒരു ലക്ഷം വീതം വോട്ടുകള്‍ നേടി ഇഞ്ചോടിഞ്ച് തന്നെ മുന്നോട്ടു നീങ്ങി. എന്നാല്‍ മൂന്നു റൗണ്ട് പിന്നിട്ടിട്ടും തന്റെ പേരിനു നേര്‍ക്കുള്ള സംഖ്യ മാത്രം 3000നു മുകളിലേക്ക് കേറുന്നില്ല. കുറെ നേരം ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാതെ നോക്കിയിരുന്ന അദ്ദേഹം ഒടുവില്‍ കുപിതനായി പോളിംഗ് കേന്ദ്രത്തില്‍ നിന്നും ഇറങ്ങി തന്റെ വാഹനത്തിലേറി വീട്ടിലേക്ക് തിരിച്ചു പോയി.
ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുന്ന നേരത്ത് മറ്റു രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ലീഡിനേക്കാള്‍ കുറവായിരുന്നു പ്രകാശ്രാജിന്റെ വോട്ടുകള്‍. ഇപ്പോള്‍ ലീഡ് 20,000 ആണ്. പ്രകാശ്രാജിന്റെ വോട്ട് 10,000വും.