കൊച്ചി: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയണയിലെ വെള്ളം തുറന്നുവിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. തടയണ പൂര്‍ണമായും പൊളിക്കണമെന്നും കോടതി വിശദമാക്കി.
ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുപ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം മറന്നോ എന്നും കോടതി ചോദിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങിയത്. പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു. പി വി അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്‌മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യില്‍ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരുന്നത്. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.