ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകള്‍ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എല്ലാ ഇടങ്ങളിലെയും ഇവിഎമ്മുകള്‍ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ പ്രതികരണം. ആരോപണമുയര്‍ന്ന എല്ലാ ഇടങ്ങളിലും പോളിംഗ് സാമഗ്രികളും യന്ത്രങ്ങളും വിവിപാറ്റുകളും കൃത്യമായി എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും മുന്നില്‍ വച്ച് സീല്‍ ചെയ്ത്, ആ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുള്ളതുമാണ്. എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. കേന്ദ്രസേനയുടെ സംരക്ഷണവുമുണ്ട്. സ്‌ട്രോങ് റൂം നിരീക്ഷിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് അവസരവുമുണ്ട്. – തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നേരത്തേ തന്നെ ഇവിഎമ്മുകള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രണ്ട് തവണ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
#rahulgandhiinterview One car is been intercepted and found evm machines in it at sonipat. why election commission is snoring. this cheat reflects fear in BJP. pic.twitter.com/XQZNOCWcuY
— Vijay Raina (@VRainaINC) May 12, 2019