ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ജെഫ് തോംസണ്‍. പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായതിനാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാരെന്നും തോംസണ്‍ പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ബുംറ. 140 കി.മീയിലേറെ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ബുംറയ്ക്ക് കഴിയുന്നു. ഏകദിനത്തില്‍ 49 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ 19 വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയാണ് ബുംറ ലോകകപ്പിന് എത്തുന്നത്.
എഴുപതുകളില്‍ മാല്‍ക്കം മാര്‍ഷലിനൊപ്പം ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറായിരുന്നു തോംസണ്‍. ജോഷ് ഹെയ്‌സല്‍വുഡിലെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഓസ്ട്രേലിയക്ക് തിരിച്ചടിയാവുമെന്നും തോംസണ്‍ പറഞ്ഞു.