ഭരണപരിഷ്‌കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമര്‍ശിച്ച സി.പി.ഐ. നേതാവ് സി.ദിവാകരന് വി.എസ്. അച്യുതാനന്ദന്റെ മറുപടി. മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍ക്കറിയില്ല ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വി.എസ്. അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലാകണമെന്നും അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും വി.എസ്. പറഞ്ഞു.
നേരത്തെ, ധനമന്ത്രി തോമസ് ഐസക്കിനെതിരെയും വി.എസ്. അച്യുതാനന്ദനെതിരെയും മുന്‍ മന്ത്രി കൂടിയായ സി. ദിവാകരന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകള്‍ വൈകിപ്പിച്ചെന്നും തോമസ് ഐസക്കിന് കൊമ്പൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്നും സി. ദിവാകരന്‍ ആരോപിച്ചിരുന്നു.