ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 59 മണ്ഡലങ്ങളില്‍ 979 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 45 സീറ്റുകളിലും 2014-ല്‍ ബിജെപിക്കായിരുന്നു വിജയം.
ജ്യോതിരാദിത്യ സിന്ധ്യ(കോണ്‍.), ഷീലാ ദീക്ഷിത്(കോണ്‍.), അഖിലേഷ് യാദവ് (എസ്.പി) ഡോ. ഹര്‍ഷവര്‍ധന്‍(ബി.ജെ.പി.), ജെ.പി. അഗര്‍വാള്‍(കോണ്‍.), മീനാക്ഷി ലേഖി(ബി.ജെ.പി.), അജയ് മാക്കന്‍(കോണ്‍.), മനോജ്തിവാരി (ബി.ജെ.പി.), ഗൗതംഗംഭീര്‍(ബി.ജെ.പി.), ഹന്‍സ്രാജ് ഹാന്‍സ്(ബി.ജെ.പി.) തുടങ്ങിയവരാണ് ആറാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.
ഇതിനിടെ പശ്ചിമ ബംഗാളിലെ ഝാര്‍ഗാം ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെ ഒരു ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. തൃണമൂല്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഝാര്‍ഗാമില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം. രമണ്‍ സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ രണ്ടിടങ്ങളിലായി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധയിടങ്ങളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നുമുണ്ട്.
19-നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23-നാണ് വോട്ടെണ്ണല്‍.