തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചേക്കും

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരത്തിലെ ആനപ്രതിസന്ധി പരിഹരിക്കാന്‍ ആനയുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ അനുനയത്തിനില്ല എന്ന നിലപാടാണ് ആനയുടമകളുടേത്. നാളെ ഹൈക്കോടതിയില്‍ വിഷയത്തില്‍ കേസ് പരിഗണിക്കുന്നുണ്ട്. ഇതില്‍ വിധി അനുകൂലമോ പ്രതികൂലമോ ആയാലും ചില നിബന്ധനകളോടെ മുക്കാല്‍ മണിക്കൂര്‍ നേരത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

പൂരത്തിന്റെ തലേദിവസം വടക്കുംനാഥ സന്നിധിയിലെത്തിക്കുകയും വടക്കും നാഥനെ വണങ്ങി തെക്കേ ഗോപുരനട തള്ളി തുറന്ന് ഉടന്‍ തന്നെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുക എന്ന തരത്തിലുള്ള നിബന്ധനയോടെ ആയിരിക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിക്കുക. പൊതുജനങ്ങളെ പരിസരത്തുനിന്ന് മാറ്റി നിര്‍ത്തിയേക്കും. സര്‍ക്കാരിനും ആനയുടമകള്‍ക്കും പരിക്കില്ലാത്ത പ്രശ്ന പരിഹാരത്തിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. ഇക്കാര്യങ്ങളെല്ലാം തന്നെ ആനയുടമകളെ അറിയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന കേസില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.

അതേസമയം ആനകളെ വിട്ടുനല്‍കില്ലെന്ന് സ്വകാര്യ ആനയുടമകള്‍ അറിയിച്ച പശ്ചാത്തലത്തില്‍ ആനകളെ വിട്ടുനല്‍കാമെന്ന് കൊച്ചി, ഗുരുവായൂര്‍ ദേവസ്വങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന് 36 ആനകളും കെച്ചി ദേവസ്വത്തിന് എട്ട് ആനകളുമുണ്ട്. ഇവ എഴുന്നള്ളത്തിന് യോഗ്യമാണ് എന്നാണ് വിലയിരുത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വത്തിന് 30 ആനകളുണ്ട്. എന്നാല്‍ ഇവയില്‍ എത്രയെണ്ണത്തിന് ഫിറ്റ്നെസ് ഉണ്ടെന്നത് വ്യക്തമല്ല. എന്നാല്‍ ദേവസ്വം ബോര്‍ഡുകളുടെ ആനകളെ ഉപയോഗിച്ച് പൂരം നടത്തി ഒരു ഏറ്റുമുട്ടലിന് സര്‍ക്കാര്‍ തയ്യാറാക്കിയേക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular