നേരത്തെ സംഭാവന പിരിക്കാന്‍ പോയിട്ട് എത്രകിട്ടി..? ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള പുനര്‍നിര്‍മാണം കൂടി ലക്ഷ്യമിട്ടു മുഖ്യമന്ത്രിയും സംഘവും വീണ്ടും വിദേശ യാത്രയ്ക്ക് ഇന്നു പുറപ്പെടുമ്പോള്‍ മുന്‍പു നടത്തിയ യാത്രകള്‍ കൊണ്ട് എന്തു ഗുണമുണ്ടായെന്ന് ആര്‍ക്കുമറിയില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണു 4 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തിയത്. സംഘം മടങ്ങിയെത്തി 4 മാസം കഴിഞ്ഞപ്പോള്‍ നിയമസഭയില്‍ വി. ടി. ബല്‍റാം എംഎല്‍എ 4 ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോടു ചോദിച്ചു.

1. പ്രളയ ദുരിതാശ്വാസത്തിനു സംഭാവന അഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ?

2. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്ര തുക സംഭാവനയായി കിട്ടി?

3. ഗള്‍ഫ് യാത്രയ്ക്കായി എത്ര തുക ചെലവഴിച്ചു?

4. യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചവര്‍ ആരൊക്കെ.?

ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടു രണ്ടര മാസം കഴിഞ്ഞു. ഒന്നിനു പോലും ഇതുവരെ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ‘കേരളത്തിനൊപ്പം’ എന്ന പേരില്‍ സമ്മേളനം മുഖ്യമന്ത്രിക്കായി സംഘടിപ്പിച്ചിരുന്നു. വ്യവസായ പ്രമുഖരുമായി ദുബായില്‍ കൂടിക്കാഴ്ചയും നടത്തി.

നവകേരള നിര്‍മാണത്തിനായി പുതിയ പദ്ധതികളും നിക്ഷേപവും കൊണ്ടുവരാന്‍ ഫെബ്രുവരി 13 മുതല്‍ 16 വരെ വീണ്ടും മുഖ്യമന്ത്രിയും സംഘവും യുഎഇയിലേക്കു പോയി. ലോകകേരളസഭയില്‍ പങ്കെടുക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. രണ്ടാമത്തെ യാത്ര കൊണ്ടും നവകേരള നിര്‍മിതിക്ക് എന്തു ലഭിച്ചു എന്നു സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7