ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ഫിനിഷിംഗില്‍ സണ്‍റൈഡേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. സണ്‍റൈസേഴ്സിന്റെ 160 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഷാക്കിബിന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് മത്സരം ഫിനിഷ് ചെയ്തു രാജസ്ഥാന്റെ മലയാളി താരം. സഞ്ജു 32 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ലിവിങ്സ്ടണും രഹാനെയും രാജസ്ഥാന് നല്‍കിയത്. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ സണ്‍റൈസേഴ്സിന് 10-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത് 78 റണ്‍സ്. ലിവിങ്സ്ടണെ റാഷിദും(26 പന്തില്‍ 44) രഹാനെയെ(34 പന്തില്‍ 39) ഷാക്കിബും മടക്കി. മൂന്നാമനായി സ്മിത്ത്(22) പുറത്താകുന്നത് 17-ാം ഓവറില്‍. എന്നാല്‍ സഞ്ജുവും(48) അക്കൗണ്ട് തുറന്ന ടര്‍ണറും(3) അനായാസം രാജസ്ഥാനെ വിജയിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സെടുത്തു. 36 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയ്ക്കും വാര്‍ണര്‍ക്കും(32 പന്തില്‍ 37) ഒഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ റഷീദ് ഖാനാണ്(8 പന്തില്‍ 17) സണ്‍റൈസേഴ്സിനെ മികച്ച സ്‌കോറിലെത്തിച്ചത്. രണ്ടാം വിക്കറ്റിലെ വാര്‍ണര്‍- മനീഷ് കൂട്ടുകെട്ട് പിരിഞ്ഞതോടെ സണ്‍റൈസേഴ്സ് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു.
വില്യംസണ്‍(13), വിജയ് ശങ്കര്‍(8), ഷാക്കിബ്(9) ദീപക് ഹൂഡ(0), സാഹ(5), ഭുവി(1) എന്നിങ്ങനെയായിരുന്ന മറ്റ് താരങ്ങളുടെ സ്‌കോര്‍. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉനദ്കട്ട് അടക്കമുള്ള ബൗളര്‍മാര്‍ രാജസ്ഥാനായി തിളങ്ങി. ആരോണും ഓഷേനും ശ്രേയാസും ഉനദ്കട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ കണ്ട രാജസ്ഥാന്‍ ഫീല്‍ഡര്‍മാരുടെ ചോര്‍ച്ചകള്‍ക്കിടയിലും സ്മിത്തും ഉനദ്കട്ടും മികച്ച ക്യാച്ചുകളുമായി കയ്യടിവാങ്ങി.