ആവേശക്കളിക്കായി ആരാധകര്‍ കാത്തിരിക്കുന്നു; ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം.

ഐപിഎല്ലില്‍ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. പതിനൊന്നില്‍ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു. പ്ലേഓഫ് ഉറപ്പിക്കുക എന്നതാണ് രോഹിതിന്റെ മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം.

മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തിലേറ്റ 37 റണ്‍സ് തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് ധോണിയും സംഘവും കളത്തിലെത്തുന്നത്. വാട്‌സണ്‍, റെയ്‌ന, ഡുപ്ലെസി, താഹിര്‍, ഹര്‍ഭജന്‍, ബ്രാവോ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങള്‍ ചെന്നൈയുടെ വിജയശില്‍പികളാവുന്നു.

ക്വിന്റണ്‍ ഡി കോക്ക് ഒഴികെയുള്ളവര്‍ സ്ഥിരത പുലര്‍ത്താത്തതാണ് മുംബൈയുടെ ആശങ്ക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, പൊള്ളാര്‍ഡ്, പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. ബൗളിംഗ് ബലാബലത്തില്‍ മലിംഗയും ബുംറയുമുള്ള മുംബൈയ്ക്കാണ് ആധിപത്യം. ഐപിഎല്ലില്‍ ഇരുടീമും ഏറ്റുമുട്ടിയത് 27 കളിയില്‍. മുംബൈ പതിനഞ്ചിലും ചെന്നൈ പന്ത്രണ്ടിലും ജയിച്ചു. ഇരുടീമും മൂന്ന് തവണവീതം കിരീടം നേടിയിട്ടുണ്ട്.

pathram:
Related Post
Leave a Comment