ലഖ്‌നൗ: രാഹുല്‍ ഗാന്ധി അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പത്രിക സ്വീകരിച്ചത്. നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി റിട്ടേണിങ് ഓഫീസര്‍ തള്ളി.
രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാല്‍ പരാതി നല്‍കിയിരുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിച്ചത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്.