തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ കോവളം ഉദയ സമുദ്ര ഹോട്ടലിലാണ് താമസിക്കുന്നത്. തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് ഇന്ന് രാഹുലിന് പരിപാടികളുള്ളത്. നാലിടങ്ങളില്‍ പൊതുപരിപാടികളും കോട്ടയത്ത് അന്തരിച്ച മുന്‍മന്ത്രി കെ.എം. മാണിയുടെ വീട് സന്ദര്‍ശനവുമാണ് ഉള്ളത്.
രാവിലെ ഹെലികോപ്ടറില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന അദ്ദേഹം എന്‍.കെ.പ്രേമചന്ദ്രന്റെ പ്രചാരണ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. 9.15 ഓടെ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. 11 മണിക്ക് ആന്റോ ആന്റണിയുടെ പ്രചാരണ പരിപാടിക്കായി പത്തനംതിട്ടയിലെത്തും. പത്തനംതിട്ട മുനിസിപ്പാലിറ്റി കെ.കെ.നായര്‍ സ്റ്റേഡിയത്തിലാണ് പൊതുയോഗം നടക്കുക. ഇവിടെ നിന്ന് ഹെലികോപ്ടറില്‍ ഉച്ചക്ക് ഒരു മണിയോടെ പാലാ സെയ്ന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. തുടര്‍ന്നാണ് കെ.എം. മാണിയുടെ വീട്ടിലെത്തുക.
പിന്നീട് വൈകിട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. അത് കഴിഞ്ഞ് വീണ്ടും തിരുവനന്തപുരത്തേക്കെത്തും. വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി കണ്ണൂരിലേക്ക് പോകും.
ബുധനാഴ്ച രാവിലെ 7.30-ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള യു.ഡി.എഫ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാഹുല്‍ വയനാട്ടിലേക്ക് പോകും. അവിടെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകുന്നേരം വണ്ടൂരിലും തൃത്താലയിലും നടക്കുന്ന പൊതുപരിപാടികളിലും പ്രസംഗിക്കും.