ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സംഘര്‍ഷം തടയാന്‍ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹിന്ദി മേഖലയിലെ യു.പി, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ല്‍ 14 മണ്ഡലങ്ങളിലും ജനങ്ങള്‍ വിധിയെഴുതി. ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60നും ഇടയിലാണ്.
2014ലെ അപേക്ഷിച്ച് ഇവിടങ്ങളിലൊക്കെ വോട്ട് കുറഞ്ഞു. രണ്ട് ദിവസം മുമ്പ് മാവോയിസ്റ്റ് ആക്രമണം നടന്ന ചത്തീസ്ഗഡിലെ ബസ്തറില്‍ 59 ശതമാനത്തിലധികം പേര്‍ വോട്ടുചെയ്തു. ലോക്‌സഭക്കൊപ്പം അരുണാചലിലും ഒഡീഷയിലും നിയമസഭയിലേക്കും വോട്ടെടുപ്പ് നടന്നു. നാഗ്പൂരില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരിയും യു.പിയിലെ മണ്ഡലങ്ങളില്‍ മന്ത്രിമാരായ വി.കെ.സിംഗ്, മഹേഷ് ശര്‍മ്മ, ആര്‍.എല്‍.ഡി നേതാവ് അജിത് സിംഗ്, അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ജനവിധി തേടി. പടിഞ്ഞാറന്‍ യു.പിയില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. കൈരാന മണ്ഡലത്തില്‍ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു.
ദളിത് വോട്ടര്‍മാരെ പൊലീസ് തടഞ്ഞുവെന്ന് ബി.എസ്.പി പരാതി നല്‍കി. പോളിംഗ് ബൂത്തുകള്‍ക്കരികില്‍ നമോ എന്ന പേരില്‍ ഭക്ഷണപൊതികള്‍ വിതരണം ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ബംഗാളിലും അരുണാചല്‍ പ്രദേശിലും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. ബി.ജെ.പി-ജെ.ഡി.യു-എല്‍.ജെ.പി പാര്‍ടികളുടെ എന്‍.ഡി.എ സഖ്യവും മഹാസഖ്യവും തമ്മിലാണ് ബീഹാറിലെ പോരാട്ടം.
സിപിഎമ്മും കോണ്‍ഗ്രസും സഖ്യമില്ലാതെ മത്സരിക്കുമ്പോള്‍ വടക്കാന്‍ ബംഗാളില്‍ മത്സരം ബി.ജെ.പി തൃണമൂലിനും ഇടയിലായി. കൂച്ച്ബിഹാറിലെ ഒരു ബൂത്തില്‍ അക്രമികള്‍ വോട്ടിംഗ് യന്ത്രം തട്ടിയെടുത്തു. തൃണമൂലാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇനി ഏപ്രില്‍ 18ന് 97 മണ്ഡലങ്ങളിലേക്കായി രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.