പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച ശേഷം മടങ്ങുന്നതിനിടെ, പാര്‍ട്ടി പ്രവര്‍ത്തകന്‍ കൈ നീട്ടിയിട്ടും കൈ കൊടുക്കാതെ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വൈറലാകുന്നു. സ്റ്റേജില്‍നിന്ന് ഇറങ്ങിവരുന്ന വഴിക്കായിരുന്നു മുഖ്യമന്ത്രിക്ക് കൈക്കൊടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എത്തിയത്. എന്നാല്‍ പ്രവര്‍ത്തകന് കൈ കൊടുക്കാതെ അഭിവാദ്യം അര്‍പ്പിച്ച് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ ഇതിനെതിരെ രംഗത്തെത്തി. ഇതാണോ ജനകീയ മുഖ്യനെന്ന് പലരും പരിഹസിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ അനുകൂലിച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം കേരളത്തിലുണ്ടായ മഹാപ്രളയം പൂര്‍ണമായും പ്രകൃതി ദുരന്തമാണെന്നും മനുഷ്യ നിര്‍മിത ദുരന്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ജല വിഭവ കമ്മിഷനും യുഎന്‍ വിദഗ്ധ സമിതിയും ചെന്നൈ ഐഐടിയും ഉള്‍പ്പെടെ പഠന റിപ്പോര്‍ട്ടുകള്‍ നല്‍കിയതാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ പ്രചാരണങ്ങള്‍ പൊടി തട്ടിയെടുക്കുന്നതു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം എല്‍ഡിഎഫ് യോഗത്തില്‍ ആരോപിച്ചു.
ഇടതുപക്ഷത്തിനെതിരെ ഒരു വാക്കും പറയില്ലെന്നു നിലപാടെടുക്കുന്ന രാഹുല്‍ ഗാന്ധി ആര്‍ക്കെതിരെ മല്‍സരിക്കാനാണു കേരളത്തില്‍ വന്നതെന്നു ശ്രദ്ധിക്കണം. രാഹുല്‍ മല്‍സരിക്കുന്ന മണ്ഡലത്തില്‍ ബിജെപിക്കു സ്ഥാനാര്‍ഥി പോലുമില്ല. ആട്ടിന്‍കുട്ടിയെ പ്ലാവില കാണിച്ച് കൊണ്ടുപോകുന്നതു പോലെ മറ്റു പല കെട്ടുകളും കാണിച്ചാണ് പലരെയും ബിജെപിയിലേക്ക് കൊണ്ടുപോകുന്നതെന്നും അദേഹം ആരോപിച്ചു.