തൃശൂരില്‍ വെടിക്കെട്ടൊരുക്കാന്‍ അമിത്ഷായുടെ തന്ത്രം..!!! സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ഥിയായേക്കും

തൃശ്ശൂര്‍: നടനും രാജ്യസഭാ എംപിയുമായി സുരേഷ് ഗോപിയെ തൃശ്ശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ധാരണ. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ദേശീയനേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ദില്ലിയില്‍ നിന്നും വരുമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന. ഇപ്പോള്‍ ഗുരുവായൂരിലുള്ള സുരേഷ് ഗോപി കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി ഉച്ചയോടെ ദില്ലിക്ക് പുറപ്പെടും.

എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനാണ് നേരത്തെ തൃശ്ശൂര്‍ സീറ്റ് ലഭിച്ചിരുന്നത്. എന്നാല്‍ ഇവിടെ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന തുഷാര്‍ വെള്ളാപ്പള്ളി വയനാട് സീറ്റിലേക്ക് മാറിയതോടെ തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ അവിടെ നിര്‍ത്തണമെന്ന ആലോചനയാണ് സുരേഷ് ഗോപിയുടെ പേരില്‍ എത്തിയത്.

സുരേഷ് ഗോപിയെ കൂടാതെ ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ എന്നിവരേയും പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ തൃശ്ശൂരില്‍ ശക്തമായ ത്രികോണ മത്സരം നടത്തണമെങ്കില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി തന്നെ വേണമെന്ന വിലയിരുത്തലാണ് സുരേഷ് ഗോപിയുടെ സാധ്യത വര്‍ധിപ്പിച്ചത്. പ്രധാനമന്ത്രിയോ അമിത് ഷായോ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ സുരേഷ് ഗോപി. സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി വരുന്നതോടെ തൃശ്ശൂര്‍ സീറ്റില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടിഎന്‍ പ്രതാപനും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യുവും പ്രചാരണത്തില്‍ ഏറെ ദൂരം പോയി കഴിഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരാണ് തൃശ്ശൂര്‍ സീറ്റില്‍ കൂടുതലായി പരിഗണിക്കപ്പെട്ടത്. അദ്ദേഹത്തെ പിന്നീട് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചു. അനിശ്ചിതത്വത്തിനൊടുവില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കും എന്ന് പ്രഖ്യാപനവും വന്നു.

ഇതിനു ശേഷമാണ് വയനാട്ട് സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കും എന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ മത്സരം കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിഡിജെഎസിന് വിട്ടു കൊടുത്ത വയനാട് സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയായി എത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് തുഷാര്‍ തൃശ്ശൂരില്‍ നിന്നും വയനാട്ടിലേക്ക് മാറിയത്. തുഷാറിന്റെ അഭാവത്തില്‍ ബിജെപി തൃശ്ശൂര്‍ സീറ്റ് തിരിച്ചെടുക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7