ആവശം നിറഞ്ഞുനിന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ആറു റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ ആദ്യ ജയമാണിത്. 41 പന്തുകളില്‍ നിന്ന് ആറു സിക്‌സും നാലു ബൗണ്ടറികളുമടക്കം 70 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. മലിംഗയുടെ ആദ്യ പന്തു തന്നെ ശിവം ദുബെ സിക്‌സറിന് പറത്തി. പിന്നീട് നാലു റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. അതിനിടെ അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ മലിംഗയുടെ പന്ത് നോബോളായിരുന്നു. എന്നാല്‍ ഇത് അമ്പയര്‍ കണ്ടില്ല. ഇതിനെതിരേ വിരാട് കോലി പ്രതികരിക്കുകയും ചെയ്തു.
188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് സ്‌കോര്‍ 27ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ മോയിന്‍ അലിയെ നഷ്ടമായി. ഏഴു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അലി, രോഹിത്തിന്റെ ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. സ്‌കോര്‍ 67ല്‍ എത്തിയപ്പോള്‍ 22 പന്തില്‍ ഒരു സിക്‌സും നാലു ബൗണ്ടറിയും സഹിതം 31 റണ്‍സെടുത്ത് പാര്‍ഥിവ് പട്ടേലും മടങ്ങി.
പിന്നാലെ ക്രീസില്‍ ഒന്നിച്ച വിരാട് കോലി ഡിവില്ലിയേഴ്‌സ് സഖ്യം മൂന്നാം വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തു. വിരാട് കോലി 32 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ 46 റണ്‍സെടുത്ത് പുറത്തായി. ഹെറ്റ്മയറിനും (5) കാര്യമായ സംഭാവന നല്‍കാനായില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 33 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.