രാജസ്ഥാനെ അശ്വിന്‍ ചതിച്ചോ..? വാദപ്രതിവാദങ്ങള്‍ തുടരുന്നു… (വീഡിയോ)

ഐ.പി.എല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയ ആര്‍.അശ്വിനെതിരേ ആരാധകരും താരങ്ങളും. രാജസ്ഥാന്റെ ഇന്നിങ്സിലെ 13-ാം ഓവറിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്‍ ബട്ലറുടെ വിക്കറ്റെടുത്തത്.

13ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാന്‍ അശ്വിന്‍ തയാറെടുക്കുമ്പോള്‍ 12.4 ഓവറില്‍ ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 44 പന്തും ഒന്‍പതു വിക്കറ്റും ബാക്കിനില്‍ക്കെ അവര്‍ക്കു വിജയത്തിലേക്കുണ്ടായിരുന്നത് 77 റണ്‍സിന്റെ ദൂരം മാത്രം.

എന്നാല്‍ അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിന്‍ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിര്‍ത്തി. ഈ സമയം നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ബട്‌ലര്‍ അശ്വിനെ ശ്രദ്ധിക്കാതെ ക്രീസിലുള്ള സഞ്ജുവിനെ മാത്രം നോക്കി പതുക്കെ ക്രീസിനു പുറത്തേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബൗളിങ് ആക്ഷന്‍ പാതിവഴിക്ക് നിര്‍ത്തിയ അശ്വിന്‍, ബട്‌ലര്‍ ക്രീസിനു പുറത്താണെന്ന് ഉറപ്പാക്കി സ്റ്റമ്പിളക്കി. ശേഷം ഔട്ടിന് അപ്പീല്‍ ചെയ്തു. ബട്ലര്‍ ക്രീസ് വിടാന്‍ കാത്തുനിന്ന ശേഷമായിരുന്നു അശ്വിന്റെ ഈ സ്റ്റമ്പിങ്ങ്. അശ്വിനുമായി ബട്‌ലര്‍ ഏറെ നേരം തര്‍ക്കിച്ചെങ്കിലും റീപ്ലേയില്‍ ബട്ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ട് നല്‍കി. അനിഷ്ടം തുറന്നു പ്രകടിപ്പിച്ചാണ് ബട്ലര്‍ മൈതാനം വിട്ടത്. അപ്പോഴേക്കും 43 പന്തു നേരിട്ട ബട്‌ലര്‍ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 69 റണ്‍സെടുത്തിരുന്നു.

ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തില്‍ ചെയ്യുന്നത്. മുന്‍പ് ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇതേ രൂപത്തില്‍ പുറത്താക്കാന്‍ അശ്വിന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന വീരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment