വയനാട്ടിലും ഇടുക്കിയിലും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

തൊടുപുഴ/ കല്‍പ്പറ്റ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ മരിച്ചു. വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് ചൊവ്വാഴ്ച രാവിലെ അപകടം നടന്നത്. വയനാട് വൈത്തിരിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. ബെഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് കല്ലുമായി വന്ന ടിപ്പര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

കെ.എല്‍ 55 യു 771 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. വൈത്തിരിക്കടുത്ത് പഴയ വൈത്തിരി എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. താനാളൂര്‍ സ്വദേശികളായ ഉരുളിയത്ത് കഹാര്‍ (28), തോട്ടുമ്മല്‍ സാബിര്‍ (29), തിരൂര്‍ സ്വദേശി സൂഫിയാന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിലാണ് രണ്ടാമത്തെ അപകടം നടന്നത്. ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേരാണ് മരിച്ചത്. വെള്ളയാംകുടി സ്വദേശികളായ രാജന്‍, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

pathram:
Related Post
Leave a Comment