ഐപില്‍ വാതുവയ്പ്പ്: ധോണിയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: കുപ്രസിദ്ധമായ ഐപിഎല്‍ വാതുവയ്പ് വിവാദവുമായി ബന്ധപ്പെട്ട് മനസ്സു തുറന്ന് മഹേന്ദ്രസിങ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ വിലക്കിലേക്കു വരെ നയിച്ച സംഭവമായിരുന്നു ഐപിഎല്‍ വാതുവയ്പ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു വാതുവയ്പ് വിവാദമുയര്‍ന്ന 2013ലെ ഐപിഎല്‍ സീസണെന്ന് ധോണി വെളിപ്പെടുത്തി.

‘റോര്‍ ഓഫ് ദ് ലയണ്‍’ എന്ന പേരില്‍ പുറത്തിറക്കുന്ന ഡോക്യുഡ്രാമയിലാണ് ധോണി ഒത്തുകളി വിവാദത്തെക്കുറിച്ച് മനസ്സു തുറന്നത്. ഐപിഎല്ലിന്റെ ആരംഭകാലം മുതല്‍ ധോണി നയിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തേക്ക് ഐപിഎല്ലില്‍നിന്നു വിലക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലേക്കു തിരിച്ചെത്തിയ ടീം, കിരീടവും നേടിയാണ് മടങ്ങിയത്. ഈ ഒത്തുകളി വിവാദത്തിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവിന്റെയും കഥ പറയുന്ന ഡോക്യുഡ്രാമയാണ് ‘റോര്‍ ഓഫ് ദ് ലയണ്‍’.

‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു 2013. അന്ന് ഞാന്‍ തകര്‍ന്നതുപോലെ പിന്നീടൊരിക്കലും ജീവിതത്തില്‍ തകര്‍ന്നിട്ടില്ല. അതിനു മുന്‍പ് 2007ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായപ്പോഴാണ് സമാനമായ നിരാശ ഉണ്ടായത്. അന്നു പക്ഷേ തീരെ മോശം പ്രകടനം കാഴ്ചവച്ചാണ് ഞങ്ങള്‍ യോഗ്യതാ റൗണ്ടില്‍ത്തന്നെ പുറത്തായത്. ഐപിഎല്‍ വാതുവയ്പു വിവാദത്തില്‍ അതായിരുന്നില്ല സ്ഥിതി’ ധോണി പറഞ്ഞു.

‘2013ല്‍ ചിത്രം പൂര്‍ണമായും വ്യത്യസ്തമായിരുന്നു. ഒത്തുകളിയെക്കുറിച്ചും വാതുവയ്പിനെക്കുറിച്ചുമാണ് ആളുകള്‍ വാതോരാതെ സംസാരിച്ചിരുന്നത്. അന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം പോലും അതായിരുന്നു’ ഡോക്യുഡ്രാമയുടെ ‘ഞങ്ങള്‍ എന്തു തെറ്റു ചെയ്തു’ എന്നു പേരിട്ട ആദ്യ എപ്പിസോഡില്‍ ധോണി ചോദിച്ചു.

‘വാതുവയ്പു വിവാദത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും ശിക്ഷ അര്‍ഹിച്ചിരുന്നു. എന്നാല്‍, ശിക്ഷയുടെ വ്യാപ്തിയില്‍ മാത്രമായിരുന്നു സംശയം. ഒടുവില്‍ രണ്ടു വര്‍ഷത്തേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിലക്കാന്‍ തീരുമാനിച്ചതായി ഞങ്ങള്‍ അറിഞ്ഞു. ടീമംഗങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ടീമിനെ വിലക്കുന്ന ഘട്ടത്തില്‍പ്പോലും താരങ്ങളെന്ന നിലയില്‍ ഞങ്ങളും, ക്യാപ്റ്റനെന്ന നിലയില്‍ ഞാനും എന്തു തെറ്റു ചെയ്തു എന്നതായിരുന്നു മനസ്സില്‍ ഉയര്‍ന്ന ചോദ്യം’ ധോണി പറഞ്ഞു.

‘ശരിയാണ്. ടീമിന്റെ ഭാഗത്തുനിന്ന് ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഏതെങ്കിലും കളിക്കാര്‍ ഈ വിവാദങ്ങളില്‍ ഭാഗഭാക്കായിരുന്നോ? ഈ പ്രതിസന്ധി ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോകാന്‍ മാത്രം എന്തു തെറ്റാണ് ടീമിലെ താരങ്ങള്‍ ചെയ്തത്? വാതുവച്ചെന്ന പേരില്‍ പ്രചരിച്ച പേരുകളില്‍ ഞാനുമുണ്ടായിരുന്നു. ടീമും ഞാനുമെല്ലാം വാതുവയ്പില്‍ പങ്കെടുത്തെന്ന തരത്തിലാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്’ ധോണി ചൂണ്ടിക്കാട്ടി.

‘സത്യത്തില്‍ ക്രിക്കറ്റില്‍ ഇതു സാധ്യമാണോ? സാധ്യമായിരിക്കാം. കാരണം അംപയറിനോ ബാറ്റ്‌സ്മാനോ ബോളര്‍ക്കോ വാതുവയ്ക്കാന്‍ കഴിയും. എങ്കിലും ടീമിലെ താരങ്ങളില്‍ ഭൂരിഭാഗം പേരുടെയും സഹകരണമുണ്ടെങ്കിലല്ലേ മല്‍സരം ഒത്തുകളിക്കാന്‍ പറ്റൂ?’ ധോണി ചോദിച്ചു.

‘അന്ന് ഇതേക്കുറിച്ച് ആരോടും സംസാരിക്കുന്നതുപോലും എനിക്കിഷ്ടമായിരുന്നില്ല. എങ്കിലും വാതുവയ്പു വിവാദം എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. എന്റെ കളിയെ ഇതൊന്നും ബാധിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം, എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം ക്രിക്കറ്റാണ്. ഞാന്‍ ഇന്ന് എന്തൊക്കെ നേടിയിട്ടുണ്ടെങ്കിലും അതെല്ലാം ക്രിക്കറ്റ് തന്നതാണ്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ എനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് കൊലപാതകം പോലുമല്ല. അത് വാതുവയ്പാണ്. കാരണം അത്തരം നടപടികളില്‍ ഞാന്‍ സഹകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതം എത്ര വലുതാണ്’ ധോണി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7