മോദി വാരാണസിയില്‍ തന്നെ; അദ്വാനിയെ ഒഴിവാക്കി ഗാന്ധിനഗറില്‍ അമിത് ഷാ; രാഹുലിനെതിരേ അമേഠിയില്‍ സ്മൃതി ഇറാനി ; 184 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 184 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി.ജെ.പി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍നിന്ന് വീണ്ടും മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറിലാവും ബിജെപി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുക. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗാന്ധിനഗര്‍. അദ്വാനിയുടെ പേര് ആദ്യ പട്ടികയിലില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലഖ്നൗവില്‍നിന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അമേഠിയില്‍നിന്നും മത്സരിക്കും. വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഗാസിയാബാദിലും ഹേമ മാലിനി എം.പി മധുരയിലും ജനവിധി തേടുമെന്ന് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിക്കൊണ്ട് കേന്ദ്രമന്ത്രി ജെ.പി നഡ്ഡ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാഗ്പൂരില്‍നിന്നാവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുക.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി മൂന്ന് തവണ യോഗം ചേര്‍ന്നശേഷമാണ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ അടക്കമുള്ളവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും 28 സ്ഥാനാര്‍ഥികള്‍, കര്‍ണാടകത്തിലെ 21, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 16, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലെ പത്ത്, അസമിലെ എട്ട്, തമിഴ്നാട്, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അഞ്ച്, അരുണാചല്‍ പ്രദേശ്, ത്രിപുര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രണ്ടുവീതം, ഗുജറാത്ത്, സിക്കിം, മിസോറം, ലക്ഷദ്വീപ്, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികളെയുമാണ് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്.

ബിജെപി സ്ഥാനാര്‍ഥി ലിസ്റ്റ് വായിക്കാന്‍ ക്ലിക്ക് ചെയ്യുക..

ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണല്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7